ദോഹ∙ കിങ്സ് കപ്പ് മത്സരത്തിനിടെ ഗോളടിക്കാനാകാത്തതിന്റെ നിരാശ പരസ്യമാക്കി അൽ നസർ എഫ്സിയുടെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ ഗോളടിച്ചില്ലെങ്കിലും കിങ്സ് കപ്പ് ക്വാർട്ടറിൽ അബ ക്ലബ്ലിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സമി അൽ നാജെയിലൂടെ മുന്നിലെത്തിയ അൽ നസർ അബ്ദുല്ല അൽ ഖൈബാരി (21), മുഹമ്മദ് മാരൻ (49) എന്നിവരിലൂടെ ഗോൾ നേട്ടം മൂന്നാക്കി.
രണ്ടാം പകുതിയിൽ അബ്ദുൽ ഫത്താ ആദം അഹമ്മദിലൂടെ (69) അബ ആശ്വാസ ഗോൾ കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടാനാകാതെ പോയ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശയോടെയാണു ഗ്രൗണ്ട് വിട്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് റഫറി വിസിൽ മുഴക്കിയപ്പോൾ റൊണാൾഡോ പന്ത് പുറത്തേക്കു അടിക്കുകയായിരുന്നു.
തുടർന്ന് ഓടിയെത്തിയ റഫറി താരത്തിനു നേരെ മഞ്ഞ കാർഡ് ഉയർത്തി. അൽ നസറിലെത്തിയ ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മഞ്ഞ കാർഡ് ലഭിക്കുന്നത്. 87–ാം മിനിറ്റില്‍ താരത്തെ അൽ നസർ ക്ലബ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. നിരാശയോടെയാണു താരം ബെഞ്ചിലേക്കു മടങ്ങിയത്. അൽ നസർ ക്ലബിനു വേണ്ടി എട്ടു കളികളിൽനിന്ന് എട്ട് ഗോളുകളാണു റൊണാൾഡോ ഇതുവരെ നേടിയത്.
English Summary: Cristiano Ronaldo blasts ball into crowd