ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കാൻ ഒരുങ്ങുകയാണെന്ന സൂചന നൽകി പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച്. ഫുട്ബോൾ കരിയറിലെ അവസാന സീസണിലായിരിക്കും ചിലപ്പോൾ ഛേത്രി കളിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു സ്റ്റിമാച്ചിന്റെ വാക്കുകൾ. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം തന്നെ ഛേത്രി പുറത്തെടുക്കുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി. ജൂൺ 16 മുതല്‍ ജൂലൈ 16 വരെ ഖത്തറിൽവച്ചാണ് ഈ വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ നടക്കേണ്ടത്.

കഴിഞ്ഞ വർഷം നടന്ന എഎഫ്സി യോഗ്യതാ മത്സരങ്ങളിൽ ഛേത്രി ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണു പുറത്തെടുത്തത്. ‘‘സുനിൽ ഛേത്രി ചിലപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ അവസാന സീസണായിരിക്കാം ഇപ്പോൾ കളിക്കുന്നത്. പക്ഷേ ഉറപ്പായും ഇതു ഛേത്രിയുടെ അവസാനത്തെ ഏഷ്യൻ‌ കപ്പായിരിക്കും.’’– ഇഗോര്‍ സ്റ്റിമാച്ച് എഐഎഫ്എഫിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘വരും മാസങ്ങളിൽ ഛേത്രിയിൽനിന്ന് ഏറ്റവും മികച്ച പ്രകടനങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. നിലവിലെ സീസണിൽ അദ്ദേഹം ബെഞ്ചിലായിരുന്നു. പക്ഷേ ശരീരഭാരം കുറയ്ക്കാനും, കളിക്കുന്നതിനും അദ്ദേഹം കാത്തിരുന്നു. ഈ പ്രായത്തിൽ അതു കൈകാര്യം ചെയ്യുന്നതു കുറച്ചു ബുദ്ധിമുട്ടായിരിക്കും. ആവശ്യമുണ്ടായപ്പോഴെല്ലാം ഛേത്രി തന്റെ ക്ലബിനായി ഗ്രൗണ്ടിലെത്തി. ടീമിനെ ഫൈനൽ വരെയെത്തിച്ചു. മത്സര ഫലം തീരുമാനിച്ച ഗോളുകൾ നേടി.’’– സ്റ്റിമാച്ച് വ്യക്തമാക്കി.

ഏഷ്യൻ കപ്പിന് മാസങ്ങൾ ശേഷിക്കെ, ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഫിഫ റാങ്കിങ്ങിൽ 94–ാമതുള്ള കിർഗിസ് റിപബ്ലിക്, മ്യാൻമര്‍ ടീമുകളാണ് ഇംഫാലിൽ നടക്കുന്ന ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നത്.

English Summary: Sunil Chhetri may be playing his last season and Asian Cup: Stimac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com