റഫറി ഞെട്ടിച്ചു, തീരുമാനങ്ങൾ കളി നശിപ്പിക്കുന്നു; ‘വാർ’ വേണമെന്ന് ബെംഗളൂരു ഉടമ

Mail This Article
പനജി∙ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ തോൽവിക്കു പിന്നാലെ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം വേണമെന്ന ആവശ്യവുമായി ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ. ട്വിറ്ററിലാണ് പാർഥ് ജിൻഡാൽ നിലപാടു വ്യക്തമാക്കിയത്. ‘‘ഇന്ത്യൻ സൂപ്പർ ലീഗിൽ വാര്‍ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയുള്ള ചില തീരുമാനങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.’’– പാർഥ് ജിൻഡാല്‍ ട്വിറ്ററിൽ കുറിച്ചു.
ഫൈനൽ പോരാട്ടത്തിൽ റഫറിമാരുടെ ചില തീരുമാനങ്ങൾ ഞെട്ടിച്ചെന്നും ബെംഗളൂരു എഫ്സി ഉടമ വ്യക്തമാക്കി. ‘‘ബെംഗളൂരു എഫ്സിയുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. നിങ്ങൾ തോറ്റിട്ടില്ല. തീരുമാനങ്ങൾ ഞെട്ടിക്കുന്നതായതിനാൽ ഈ തോൽവി വേദനിപ്പിക്കുന്നു.’’– ജിൻഡാൽ പ്രതികരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബെംഗളൂരുവിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് എടികെ മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.
ഒപ്പത്തിനൊപ്പം പൊരുതിയ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3നാണ് എടികെ തോൽപിച്ചത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2–2 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി.
എടികെ താരങ്ങൾ എടുത്ത നാല് കിക്കും ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റ നിശ്ചിത സമയത്ത് പെട്രാറ്റോസ് എടികെയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി (45+5), റോയ് കൃഷ്ണ (78) എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടി. നിശ്ചിത സമയത്തെ 3 ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു താരം സുനിൽ ഛേത്രി അടിച്ച ഗോള്‍ വൻ വിവാദത്തിനും വഴിയൊരുക്കി. താരങ്ങൾ തയാറാകും മുൻപേ തന്നെ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്തെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വാദം. എന്നാൽ റഫറി ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷഭാഷയിലാണ് അന്ന് പാര്‍ഥ് ജിൻഡാൽ പ്രതികരിച്ചത്.
English Summary: Parth Jindal demands VAR in ISL football