കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരെ കടുത്ത നടപടി ഉടൻ; ഇവാനെ വിലക്കും?

ivan-protest
ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ താരങ്ങളെ തിരികെ വിളിക്കുന്ന ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്.
SHARE

ന്യൂഡൽഹി∙ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ ടീമിനെ പിൻവലിച്ച സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിനെതിരായ നടപടി ഉടനുണ്ടായേക്കും. ബ്ലാസ്റ്റേഴ്സ് പരിശീലകനെ ഇന്ത്യൻ സൂപ്പർ ലീഗിൽനിന്നു വിലക്കാനാണു സാധ്യതയെന്നാണു റിപ്പോർട്ടുകൾ. അതേസമയം ഭീമമായ തുക കേരള ബ്ലാസ്റ്റേഴ്സിന് പിഴയായി അടക്കേണ്ടി വരില്ല. ഇവാനെതിരായ വിലക്ക് ഏതാനും മത്സരങ്ങൾക്കു വേണ്ടി മാത്രമാണോ, അതോ ഒരു സീസൺ മുഴുവനുമാണോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇവാൻ വുക്കൊമാനോവിച്ചിനെ വിലക്കിയാൽ ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകനെ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഉൾപ്പെടെ റഫറി ക്രിസ്റ്റൽ ജോൺ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഇത്തവണ ബെംഗളൂരു എഫ്‍സിക്കെതിരായ പ്ലേഓഫ് മത്സരത്തിനിടെ ടീമിനെ പിൻവലിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എഐഎഫ്എഫിനു വിശദീകരണം നൽകിയിരുന്നു.

ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നൽകിയ നോട്ടിസിന് മറുപടിയായാണ് ഇവാൻ ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിൻവലിക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണ് ഇവാന്റെ വിശദീകരണം. മത്സരം പൂർത്തിയാക്കാതെ പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനു കാരണം കോച്ചിന്റെ ഇടപെടലാണെന്നു വിലയിരുത്തിയാണ് എഐഎഫ്എഫ് അച്ചടക്ക സമിതി ഇവാനു നോട്ടിസ് അയച്ചത്. ഫുട്ബോളിനെത്തന്നെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് എഐഎഫ്എഫ്, ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരെ ചുമത്തിയിരിക്കുന്നത്.

ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം നിർത്തിവച്ച് മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകുന്നതിനു മുൻപേ ഛേത്രി ഫ്രീകിക്ക് എടുത്തെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. എന്നാൽ റഫറി ക്രിസ്റ്റൽ ജോൺ ഛേത്രിക്ക് ഗോൾ അനുവദിക്കുകയായിരുന്നു. ഇതോടെ പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി വിജയിച്ചതായി പിന്നീടു പ്രഖ്യാപിച്ചു.

English Summary: AIFF to take action against Kerala Blasters coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA