ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ റഫറിമാർ എടുത്ത തീരുമാനങ്ങളിൽ അതൃപ്തി പരസ്യമായി വീണ്ടും ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ രംഗത്ത്. എടികെ മോഹൻ ബഗാന് റഫറി പെനൽറ്റി അനുവദിച്ചത് തെറ്റാണെന്നായിരുന്നു പാർഥ് ജിൻഡാലിന്റെ വാദം. ഇതു തെളിയിക്കുന്ന ഒരു ചിത്രവും ജിൻഡാല്‍ ട്വിറ്ററിൽ പങ്കുവച്ചു. ‘‘ഇതൊരു പെനാൽറ്റിയാണോ? അതും ഒരു ഫൈനലിൽ? ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനമാണ് ആവശ്യം’’– പാർഥ് ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ‘വാർ ലൈറ്റ്’ സംവിധാനം കൊണ്ടുവരുമെന്ന എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ പ്രഖ്യാപനം ആവേശത്തോടെയാണു കാണുന്നതെന്നും പാർഥ് ജിന്‍ഡാൽ പ്രതികരിച്ചു. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ചെലവു കുറഞ്ഞ രീതിയിൽ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് എഐഎഫ്എഫ് പ്രസി‍ഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബെൽജിയം ‘വാർ’ സാങ്കേതിക വിദ്യ കുറഞ്ഞ ചെലവിൽ ഉപയോഗിക്കുന്നുണ്ട്. ഇതു മാതൃകയാക്കിയാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യൻ സൂപ്പർ ലീഗിൽ വാര്‍ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും റഫറിമാരുടെ തീരുമാനങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നും പാർഥ് ജിൻഡാല്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ റഫറിമാരുടെ ചില തീരുമാനങ്ങൾ ഞെട്ടിച്ചെന്നും ബെംഗളൂരു എഫ്സി ഉടമ വ്യക്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബെംഗളൂരുവിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് എടികെ മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.

ഒപ്പത്തിനൊപ്പം പൊരുതിയ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3നാണ് എടികെ തോൽപിച്ചത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ‌ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2–2 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി.

English Summary: Parth Jindal tweet on ISL final match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com