എനിക്കു ലോകകപ്പ് വേണം; ബ്രസീൽ, ഇറ്റലി ക്ലബുകളുമായി കളിക്കൂ: ബഗാനോട് മമത

മമതാ ബാനർജി മോഹൻ ബഗാൻ താരങ്ങളോടൊപ്പം. Photo: Twitter@MohunBagan
മമതാ ബാനർജി മോഹൻ ബഗാൻ താരങ്ങളോടൊപ്പം. Photo: Twitter@MohunBagan
SHARE

കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കപ്പുയർത്തിയതിനു പിന്നാലെ എടികെ മോഹൻബഗാൻ ടീമിന് 50 ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഹൻ ബഗാൻ വിചാരിച്ചാൽ ലോകത്തിലെ ഒന്നാം നമ്പർ ക്ലബ് ആകാൻ സാധിക്കില്ലേയെന്ന് മമതാ ബാനർജി ചോദിച്ചു. ‘‘നിങ്ങളിലൂടെ എനിക്ക് ലോകകപ്പ് ഇങ്ങോട്ട് കൊണ്ടുവരണം. എന്തുകൊണ്ട് ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി മോഹന്‍ ബഗാൻ കളിക്കുന്നില്ല?– മമതാ ബാനർജി മോഹന്‍ ബഗാൻ ഉടമകളോടു ചോദിച്ചു.

‘‘ബംഗാളിൽനിന്നുള്ള ഒരു ഫുട്ബോൾ ക്ലബ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിൽ എനിക്കു സന്തോഷമുണ്ട്. ബംഗാൾ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. മോഹൻ ബഗാൻ അതു വീണ്ടും തെളിയിച്ചിരിക്കുന്നു. ബംഗാളിനെ അവഗണിക്കാൻ സാധിക്കില്ലെന്ന് മോഹൻ ബഗാന്റെ ഈ വിജയം ഉറപ്പിക്കുകയാണ്. ബംഗാള്‍ ലോകം ജയിക്കണം. എനിക്ക് ഇനിയും വിജയങ്ങൾ വേണം.’’– ബംഗാള്‍ മുഖ്യമന്ത്രി കൊൽക്കത്തയിൽ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാനു നൽകിയ സ്വീകരണത്തിലാണ് മമതാ ബാനർജിയുടെ വാക്കുകൾ. എടികെ മോഹൻബഗാനിൽനിന്ന് ‘എടികെ’ എന്ന വാക്കു നീക്കണമെന്ന് മമത മോഹൻ ബഗാൻ ഉടമകളോട് ആവശ്യപ്പെട്ടു. അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് എന്ന പേരിലാകും മത്സരിക്കുക എന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയത്.

കൊൽക്കത്തയിലെ പുരാതന ക്ലബ്ബായ മോഹൻ ബഗാനും ഐഎസ്എൽ ക്ലബ് എടികെയും ഒന്നിച്ചപ്പോഴായിരുന്നു ടീമിന് എടികെ ബഗാൻ എന്നു പേരിട്ടത്. ഇന്ത്യൻ ഫുട്ബോളിന്റെ പാരമ്പര്യവും പെരുമയുമുള്ള മോഹൻ ബഗാന്റെ പേരിനൊപ്പം എടികെ എന്നു കൂടി ചേർത്തതിനോട് ആരാധകർക്കു വിയോജിപ്പുണ്ടായിരുന്നു. ഇതോടെ നഷ്ടമായ ആരാധക പിന്തുണ പുതിയ പേരുമാറ്റത്തിലൂടെ തിരികെ പിടിക്കാമെന്നാണ് ക്ലബ് അധികൃതരുടെ കണക്കുകൂട്ടൽ.

English Summary: I Want World Cup Here: Mamata Banerjee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA