ഇംഫാൽ ∙ മണിപ്പുരിൽ നടക്കുന്ന ത്രിരാഷ്ട്ര ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നിറം മങ്ങിയ ജയം. ഇന്നലെ ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മ്യാൻമറിനെ 1–0നാണ് ഇന്ത്യ തോൽപിച്ചത്. 45–ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 53 സ്ഥാനം പിന്നിൽ 150–ാം റാങ്കിലുള്ള മ്യാൻമറിനെതിരെ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒരു തവണ മാത്രമാണ് ഇന്ത്യൻ മുന്നേറ്റ നിരയ്ക്കു പന്ത് ഗോൾവര കടത്താനായത്. 28ന് ടൂർണമെന്റിലെ മൂന്നാം ടീമായ കിർഗിസ്ഥാനെ ഇന്ത്യ നേരിടും. സുനിൽ ഛേത്രി നയിച്ച ഇന്ത്യൻ മുന്നേറ്റ നിര തുടരെ മിന്നൽ ആക്രമണങ്ങൾ നടത്തിയെങ്കിലും മ്യാൻമർ പ്രതിരോധനിര അവയെല്ലാം നിഷ്ഫലമാക്കി.
11, 29, 32 മിനിറ്റുകളിൽ ഛേത്രിക്കു ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 45–ാം മിനിറ്റിൽ മ്യാൻമർ പ്രതിരോധ പിഴവ് മുതലെടുത്താണ് ഥാപ്പ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താനായിരുന്നു ഇന്ത്യൻ ശ്രമം. 74–ാം മിനിറ്റിൽ ഛേത്രി പന്ത് ഗോൾവര കടത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.
English Summary : India defeated Myanmar in Tri Nation Football match