ADVERTISEMENT

കൂരാച്ചുണ്ട് ∙ ഷിൽജി കളത്തിലിറങ്ങിയാൽ ഗോളുറപ്പ്; ഒരു വട്ടമല്ല, മൂന്നു വട്ടം! ധാക്കയിൽ നടക്കുന്ന അണ്ടർ 17 വനിതാ സാഫ് കപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ ഹാട്രിക് നേടിയ ഈ കോഴിക്കോട് കക്കയം സ്വദേശിനിയുടെ ബൂട്ടിലാണ് ഇന്ന് ബംഗ്ലദേശിനെതിരെ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ പ്രതീക്ഷ.

മിഡ്ഫീൽഡറായ ഷിൽജി 3 ഗോൾ നേടിയ ആദ്യ മത്സരത്തിൽ 4–1നാണ് ഇന്ത്യ ജയിച്ചത്. കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സ് ഡിവിഷനിൽ എസ്എസ്എൽസി വിദ്യാർഥിനിയായ ഷിൽജി ഇപ്പോൾ സ്പോർട്സ് കേരള ഗോകുലം അക്കാദമിയുടെ താരമാണ്. കഴിഞ്ഞ വർഷം അസമിൽ നടന്ന അണ്ടർ 17 ദേശീയ ചാംപ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മൂന്ന് കളികളിൽ 12 ഗോളുകൾ നേടി ഷിൽജി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മികവാണ് പതിനാറുകാരി ഷിൽജിയെ ഇന്ത്യൻ ടീമിലെത്തിച്ചത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി അഖിലയും ഷിൽജിക്കൊപ്പം ഇന്ത്യൻ മധ്യനിരയിലുണ്ട്. കണ്ണൂർ സ്വദേശിനിയായ പി.വി.പ്രിയ ആണ് ടീമിന്റെ പരിശീലക.

സാഫ് കപ്പിനു മുൻപ് ജോർദാനിൽ നടന്ന സൗഹൃദ മത്സരത്തിൽ ആതിഥേയർക്കെതിരെ ഷിൽജി 2 മത്സരങ്ങളിലായി 8 ഗോളുകൾ നേടിയിരുന്നു. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ 4–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷിൽജി ഷാജി കായിക രംഗത്തേക്ക് ഇറങ്ങുന്നത്. അത്‌ലറ്റിക്സിൽ പങ്കെടുത്തിരുന്ന ഷിൽജി സ്കൂൾ കായികമേളയിൽ ജില്ലാതലത്തിൽ മെഡലുകൾ നേടിയിരുന്നു. 

പിന്നീട് പരിശീലകൻ ബാബു പ്ലാത്തോട്ടമാണു ഷിൽജിയുടെ ഫുട്ബോളിലെ മികവ് തിരിച്ചറിഞ്ഞ് മാറ്റു കൂട്ടിയത്. 5–ാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഡൽഹിയിൽ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിലും പങ്കെടുത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ചു. 20 വർഷത്തോളം കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റ്, എംവൈസി കക്കയം ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് ഷിൽജിയുടെ പിതാവ് കക്കയം നീർപ്പിഴാകം ഷാജി ജോസഫ്. മാതാവ് എൽസി ഷാജി, സഹോദരി ഷിൽന എന്നിവരും ഷിൽജിയുടെ മുന്നേറ്റങ്ങൾക്കു പിന്തുണയായുണ്ട്.

English Summary : India vs Bangladesh in Under 17 Saff Cup Womens Football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com