കടുത്ത ബ്രസീൽ ആരാധികയോട് മെസിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞാൽ എങ്ങനെയിരിക്കും? അത് പരീക്ഷയ്ക്ക് ചോദ്യമായാലോ?.. പരീക്ഷയല്ലേ മാർക്ക് കിട്ടേണ്ടേ.. അങ്ങ് എഴുതുമെന്ന് വിചാരിച്ചെങ്കിൽ തെറ്റി. ബ്രസീൽ ഫാൻസ് അങ്ങനെ മാർക്ക് കിട്ടാൻ വേണ്ടി പോലും ടീമിനെയും ഇഷ്ടതാരത്തെയും മാറ്റാൻ തയാറാകാത്തവരാണെന്ന് മലപ്പുറം ജില്ലയിൽ നിന്നുള്ള നാലാംക്ലാസുകാരി റിസ ഫാത്തിമ പറയും.
തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്. മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ചാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു.
പക്ഷേ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാടും കടുപ്പിച്ചു. ഉത്തരക്കടലാസിൽ ‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’– എന്നായിരുന്നു റിസ എഴുതിയത്. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഉത്തരക്കടലാസ് പരിശോധിക്കുമ്പോഴാണ് അധ്യാപകനായ റിഫ ഷാലീസ് ഈ വ്യത്യസ്തമായ മറുപടി കണ്ടത്.
കുട്ടികൾ രസകരമായാണ് ഈ ചോദ്യത്തിന് ഉത്തരം നൽകിയതെന്നും, ഫുട്ബോളടക്കം ചുറ്റുമുള്ള ലോകസംഭവങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുകൂടി വ്യക്തമാക്കാൻ താൻ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോടു പറഞ്ഞു. മാര്‍ക്കൊക്കെ ആര്‍ക്ക് വേണം, നെയ്മാറെയും ബ്രസീലിനെയും നാല് മാര്‍ക്കിന് വേണ്ടി തള്ളിപ്പറയുന്നവരല്ലെന്ന് ബോധ്യമായില്ലേ എന്നാണ് ഉത്തരക്കടലാസ് കണ്ട ബ്രസീല്‍ ഫാന്‍സിന്റെയും പക്ഷം.
English Summary: I am a Brazil fan: School student denied to write Lionel Messi's profile