ഹനോയ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷം അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിനു ഗുരുതര പരുക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെൽ എഫ്സിയുടെ താരം ട്രാൻ ഹോങ് ക്യെനാണ് റൊണാൾഡോയുടെ ലോക പ്രശസ്തമായ ‘സ്യൂ’ സ്റ്റൈലിൽ ഗോൾ ആഘോഷിക്കാൻ ശ്രമിച്ചത്. കാലിനു പരുക്കേറ്റ താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോൾ നേടിയതിനു ശേഷം ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് ഓടിയ താരത്തിന് ആഘോഷത്തിനു ശേഷം കാലിൽ വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിൽ വേദന കൊണ്ടു ബുദ്ധിമുട്ടുന്ന വിയറ്റ്നാം താരത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. താരത്തിന്റെ പരുക്കു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വിയറ്റ്നാം താരത്തിന്റെ ഇടത്തേ കാലിനാണു പരുക്കുള്ളത്. 2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ‘സ്യൂ’ ആഘോഷം അവതരിപ്പിച്ചത്. താരത്തിനൊപ്പം ഈ ഗോളാഘോഷവും വൻ ജനപ്രീതി നേടി. സൗദി പ്രോ ലീഗിൽ അൽ– നസർ ക്ലബിലാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.
English Summary: Vietnamese Footballer Attempts 'Siuuu' Celebration, Ends Up In Hospital