ADVERTISEMENT

കോഴിക്കോട് ∙ പ്രഫഷനൽ ഫുട്ബോളിന്റെ നടുമുറ്റത്ത് പന്തുതട്ടി ചരിത്രം കുറിക്കാൻ 15 മലയാളിക്കുട്ടികൾ പറക്കുകയാണ്. ഇറ്റലിയിലെ ടോർണിയോ ഡെല്ല പേസ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് എസി മിലാൻ അക്കാദമി കേരളയുടെ അണ്ടർ 13 ടീം അംഗങ്ങൾ മത്സരിക്കാനിറങ്ങുന്നത്.

ജർമനി, നെതർലൻഡ്സ്, ഓസ്ട്രിയ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളടങ്ങുന്ന ഗ്രൂപ്പിലാണ് മിലാൻ അക്കാദമി മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നിന്ന് കുട്ടികളുടെ ഒരു ടീം ഇറ്റലിയിൽ ഫുട്ബോൾ മത്സരത്തിൽ കളിക്കാനിറങ്ങുന്നതെന്ന് എസി മിലാൻ അക്കാദമി കേരളയുടെ ഡയറക്ടർ മിലാൻ ബൈജു പറഞ്ഞു.

ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എസി മിലാൻ കഴിഞ്ഞ വർഷം നവംബറിലാണ് ‘എസി മിലാൻ അക്കാദമി കേരള’ എന്ന പേരിൽ കേരളത്തിൽ പരിശീലനകേന്ദ്രങ്ങൾ തുറന്നത്. മിലാന്റെ അക്കാദമി പരിശീലകനായ ആൽബർട്ടോ ലക്കാൻഡെലെയാണ് കോഴിക്കോടും മലപ്പുറത്തും കൊച്ചിയിലുമുള്ള പരിശീലനകേന്ദ്രങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. അണ്ടർ 13 ടീമിലെ അംഗങ്ങളായ മുഹമ്മദ് സിനാൻ, റയാൻ സുബൈർ, ആൽവിൻ പോൾ, മുഹമ്മദ് അയ്മൻ, സിദ്ധാർഥ് ജീവൻ, ആഷിർ മണിക്ഫാൻ, നിവിൻ ടി.നൈനാൻ, ആഗ്‌നേയ് ചുങ്കത്ത്, കെ.എം.ദീക്ഷിത്, മെഹസ് മാവൂർ, പി.കെ.ഡാനിഷ്, ദേവാംഗ് കൊളപ്പാടൻ, വി.പി. മുഹമ്മദ് ഷസിൽ, സി.അൻഫൽ, ഒമർ ജസ്‌ലാൻ എന്നിവരാണ് ഇറ്റലിയിലേക്ക് പോകുന്നത്.

പ്രധാന പരിശീലകനായ ആൽബർട്ടോയും സഹപരിശീലകനായ മുക്കം സ്വദേശി ഷെബിൻ മുഹമ്മദും ടീമിനൊപ്പമുണ്ടാവും. ഏപ്രിൽ അഞ്ചിന് യാത്രയാവുന്ന സംഘം എസി മിലാന്റെ ആസ്ഥാനം സന്ദർശിക്കും. 7,8,9 തീയതികളിലാണ് മത്സരത്തിനിറങ്ങുക. 12ന് ചാംപ്യൻസ് ലീഗിൽ എസി മിലാനും നാപ്പോളിയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ നേരിട്ട് കാണാനുള്ള അവസരവും കുട്ടികൾക്കു ലഭിക്കും.

English Summary: AC Milan Academy Kerala Under-13 team to Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com