ക്രിസ്റ്റ്യാനോ 2, പോർച്ചുഗൽ 6; ലക്സംബർഗിനെതിരെ തകർപ്പൻ ജയം

HIGHLIGHTS
  • യൂറോ യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെതിരെ 6–0 ജയം
ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിക്കാൻ ഓടിയെത്തുന്ന പോർച്ചുഗൽ താരങ്ങൾ.
SHARE

ലക്സംബർഗ് സിറ്റി ∙ ചെറിയൊരു പിണക്കത്തിനുശേഷം വീണ്ടും നന്നായി കൂട്ടുകൂടിയവരെപ്പോലെയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ടീമും. ലോകകപ്പിലെ മിക്ക മത്സരങ്ങളിലും ആദ്യ ഇലവനു പുറത്തിരുന്ന മുപ്പത്തിയെട്ടുകാരൻ ക്രിസ്റ്റ്യാനോ ഗംഭീരമായി ടീമിലേക്കു തിരിച്ചെത്തിയതോടെ യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും പോർച്ചുഗലിനു തകർപ്പൻ ജയം. ക്രിസ്റ്റ്യാനോ 2 ഗോൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ തോൽപിച്ചത് 6–0ന്. ലിക്റ്റൻസ്റ്റെയ്നെതിരെ 4–0നു ജയിച്ച കഴിഞ്ഞ മത്സരത്തിലും ക്രിസ്റ്റ്യാനോ ഡബിൾ നേടിയിരുന്നു. 

പുതിയ കോച്ച് റോബർട്ടോ മാർട്ടിനസിനു കീഴിൽ ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ച ക്രിസ്റ്റ്യാനോ ഇന്നലെ 9–ാം മിനിറ്റിൽ തന്നെ ആദ്യഗോൾ നേടി. നുനോ മെൻഡസിന്റെ ഹെഡർ ഗോളിലേക്കു തിരിച്ചു വിട്ടാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. 31–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് തന്റെ രണ്ടാം ഗോളും നേടി. ജോവ ഫെലിക്സ് (15–ാം മിനിറ്റ്), ബെർണാഡോ സിൽവ (18), ഒട്ടാവിയോ (77), റാഫേൽ ലിയാവോ (88) എന്നിവരാണ് മറ്റു സ്കോറർമാർ. 85–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി നഷ്ടപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ലിയാവോ ഗോൾ നേടിയത്. ജെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഐസ്‌ലൻഡ് 7–0ന് ലിക്റ്റൻസ്റ്റെയ്നെ തകർത്തു. ആരൺ ഗുണ്ണർസൻ ഹാട്രിക് നേടി. സ്‌ലൊവാക്യ 2–0ന് ബോസ്നിയ ആൻഡ് ഹെർസെഗോവിനയെ തോൽപിച്ചു. 

ഇംഗ്ലണ്ടിനും ഇറ്റലിക്കും ജയം 

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ഇറ്റലി ഇന്നലെ മാൾട്ടയെ 2–0നു തോൽപിച്ചു. അർജന്റൈൻ വംശജനായ മാറ്റിയോ റെറ്റെഗുയി തന്റെ രണ്ടാം രാജ്യാന്തര മത്സരത്തിലും ഗോൾ നേടി. മാറ്റിയോ പെസിനയാണ് 2–ാം ഗോൾ നേടിയത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോളടി തുടർന്ന മത്സരത്തിൽ ഇംഗ്ലണ്ട് 2–0ന് യുക്രെയ്നെ മറികടന്നു. ബുകായോ സാകയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ നേടിയത്. അവസാന 17 മിനിറ്റിൽ നേടിയ 3 ഗോളുകളിൽ കസഖ്സ്ഥാൻ ഡെൻമാർക്കിനെ അട്ടിമറിച്ചു. 73–ാം മിനിറ്റു വരെ ഡെൻമാർക്ക് 2–0നു മുന്നിലായിരുന്നു. കഴിഞ്ഞ കളിയിൽ ഫിൻലൻഡിനെതിരെ ഹാട്രിക് നേടിയ റാസ്മുസ് ഹോയ്‌ലുണ്ട് ഇന്നലെ ഡെൻമാർക്കിനായി 2 ഗോൾ നേടി. ഫിൻലൻഡ് 1–0ന് വടക്കൻ അയർലൻഡിനെ തോൽപിച്ചു.

English Summary : Portugal wins Euro Cup Football match against Luxembourg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA