ഇംഫാൽ ∙ ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് കിർഗിസ്ഥാനെതിരെ കളത്തിലിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് കിരീടമുറപ്പിക്കാൻ വേണ്ടത് ഒരു സമനില മാത്രം. കഴിഞ്ഞ മത്സരത്തിൽ കിർഗിസ്ഥാനും മ്യാൻമറും 1–1 സമനില വഴങ്ങിയതാണ് ഇന്ത്യയ്ക്കു നേട്ടമായത്. ആദ്യ മത്സരത്തിൽ ഇന്ത്യ 1–0ന് മ്യാൻമറിനെ തോൽപിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ ഇന്നു ജയിച്ചാൽ മാത്രമാണ് കിർഗിസ്ഥാൻ കിരീടത്തിലെത്തുക. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലാണ് കിർഗിസ്ഥാൻ (94).
പൊങ്ങച്ചമല്ല, പക്ഷേ എന്നെപ്പോലെ ഗോൾ ദാഹമുള്ള സ്ട്രൈക്കർമാർ അധികമില്ല. ഇന്ത്യയ്ക്കു വേണ്ടി ആദ്യ മത്സരം കളിച്ചപ്പോഴുള്ള അതേ ആവേശം ഇന്ന് കിർഗിസ്ഥാനെതിരെയും എനിക്കുണ്ടാകും
സുനിൽ ഛേത്രി (84 ഗോളുകളുമായി സജീവ ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും (122) ലയണൽ മെസ്സിക്കും (99) മാത്രം പിന്നിലാണ് ഛേത്രി ഇപ്പോൾ)
2019 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോം മത്സരത്തിൽ ഇന്ത്യ കിർഗിസ്ഥാനെ 1–0നു തോൽപിച്ചിരുന്നു. എന്നാൽ എവേ മത്സരത്തിൽ 2–1നു തോറ്റു. പരുക്കിൽനിന്നു മുക്തനായ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ടീമിനൊപ്പം ചേർന്നതായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച് പറഞ്ഞു. വൈകിട്ട് ആറിനാണ് മത്സരത്തിനു കിക്കോഫ്. സ്റ്റാർ സ്പോർട്സ് 3 ചാനലിലും ഹോട്സ്റ്റാറിലും തൽസമയം.
English Summary: Tri-nation football tournament