കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു തുടക്കത്തിലേ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയൻ ലൂണ ടൂർണമെന്റിൽ കളിക്കില്ല. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ ചില കാരണങ്ങളാൽ അഡ്രിയൻ ലൂണയ്ക്ക് നീണ്ട അവധി അനുവദിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
‘‘സൂപ്പർ കപ്പിൽ ലൂണയുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്നു ക്ലബ് മനസ്സിലാക്കുന്നു. പക്ഷേ അവധി അഡ്രിയൻ ലൂണയ്ക്ക് എത്രത്തോളം അത്യാവശ്യമാണെന്ന കാര്യത്തെ ക്ലബ് മതിക്കുന്നു. വൈകാതെ തന്നെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നു പ്രതീക്ഷിക്കാം.’’– കേരള ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ നിർണായക സാന്നിധ്യമായ അഡ്രിയൻ ലൂണയുടെ അഭാവം സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. കഴിഞ്ഞ രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ കളി മെനയുന്ന താരം അവസാന സീസണിൽ നാലു ഗോളുകളാണു നേടിയത്. ആറ് ഗോളുകൾക്കു വഴിയൊരുക്കി. 2021–22 സീസണിൽ 23 മത്സരങ്ങളിൽനിന്ന് ബ്ലാസ്റ്റേഴ്സിനായി ആറു ഗോളുകളും ഏഴ് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
English Summary: Adrian Luna set to miss Super Cup