കുറസോയെ ഏഴു ഗോളുകൾക്കു തോൽപിച്ചു; അർജന്റീനയ്ക്കായി നൂറാം ഗോൾ നേടി മെസ്സി

argentina-messi
ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം
SHARE

സാന്റിയാഗോ ദെൽ എസ്തെരോ (അർജന്റീന)∙ ലോക ഫുട്ബോളിന്റെ കൊടുമുടിയിൽ പുഞ്ചിരിച്ചുനിൽക്കുന്ന ലയണൽ മെസ്സിയുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. അർജന്റീനയ്ക്കായി 100 രാജ്യാന്തര ഗോൾ എന്ന നാഴികക്കല്ലാണ് ഇക്കുറി മെസ്സി പിന്നിട്ടത്. കരീബിയൻ ടീമായ കുറസാവോയെ ലോകചാംപ്യൻമാർ 7–0നു തകർത്ത സൗഹൃദ മത്സരത്തിൽ ഹാട്രിക് കുറിച്ചാണ് മെസ്സി ഈ നേട്ടം ആഘോഷിച്ചത്. ഇതോടെ മെസ്സിക്ക് 102 രാജ്യാന്തര ഗോളുകളായി. ഔദ്യോഗിക മത്സരങ്ങളിൽ ഇതിലുമേറെ ഗോൾ നേടിയത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (122), ഇറാന്റെ അലി ദേയി (109) എന്നിവർ മാത്രം.

20–ാം മിനിറ്റിൽ മെസ്സിയാണ് ഗോൾവേട്ട തുടങ്ങിയത്. ജിയോവനി ലോ സെൽസോയുടെ അസിസ്റ്റിൽ ബോക്സിന്റെ വക്കിൽനിന്നൊരു വലംകാൽ ഷോട്ട് ഗോൾവര കടന്നതോടെ രാജ്യാന്തര സെഞ്ചറി പിറന്നു. തുടർന്ന് 33, 37 മിനിറ്റുകളിലായി അർജന്റീന നായകൻ ഹാട്രിക് പൂർത്തിയാക്കി.  നിക്കോ ഗൊൺസാലസ് (23–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (35), എയ്ഞ്ചൽ ഡി മരിയ (78), ഗൊൺസാലോ മൊണ്ടിയൽ (87) എന്നിവരാണ് മറ്റു സ്കോറർമാർ.

മെസ്സിയുടെ സെഞ്ചറി ഗോളിനു പിന്നാലെ നിക്കോ ഗൊൺസാലസ് ക്ലോസ് റേഞ്ച് ഹെഡറിലൂടെ അർജന്റീനയുടെ ലീഡ് ഉയർത്തിയിരുന്നു. ഹാട്രിക് തികയ്ക്കുന്നതിനു 2 മിനിറ്റ് മുൻപ് എൻസോയുടെ കരുത്തൻ ഷോട്ട് ഗോൾവല കുലുക്കിയപ്പോൾ അസിസ്റ്റ് നൽകിയതും മെസ്സി തന്നെ. പകരക്കാരനായി ഇറങ്ങിയ ഡി മരിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഗോൾ നേടിയത്.  ഗൊൺസാലോ മൊണ്ടിയൽ, ടീമിന്റെ 7–ാം ഗോൾ കുറിക്കുമ്പോൾ കളി തീരാൻ 3 മിനിറ്റു കൂടിയേ ശേഷിച്ചിരുന്നുള്ളൂ.

English Summary: Lionel Messi Scores 100th Goal for Argentina

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS