കണ്ണൂർ∙ മുൻ രാജ്യാന്തര ഫുട്ബോളറും മുംബൈ ടാറ്റാസ് സ്പോർട്സ് ക്ലബ്ബിന്റെ ആദ്യ മലയാളി നായകനുമായ എം.പി.ചന്ദ്രശേഖർ (ബർമ ചന്ദ്രൻ– 91) മുംബൈയിൽ അന്തരിച്ചു. വർഷങ്ങളായി മുംബൈ അന്ധേരി വെസ്റ്റ് എൻ ദത്താമാർഗിലായിരുന്നു താമസം. 1959ൽ സോൾ ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ടിലാണ് ഡിഫൻഡറായ ചന്ദ്രശേഖർ ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 1960 റോം ഒളിംപിക്സ് ടീമിൽ ചന്ദ്രശേഖറിന്റെ പേരുണ്ടായിരുന്നെങ്കിലും പരുക്ക് മൂലം കളിക്കാനായില്ല.
കണ്ണൂർ പന്നേൻപാറയിലാണ് മേപ്പാടിയത്ത് പുന്നാക്കൻ ചന്ദ്രശേഖറിന്റെ തറവാട്. പിതാവ് കോരൻ കംപൗണ്ടറായി ജോലി ചെയ്ത ബർമയിൽ ജനിച്ചതിനാലാണ് ബർമ ചന്ദ്രൻ എന്ന വിളിപ്പേര് വന്നത്. കണ്ണൂർ ലക്കി സ്റ്റാറിലൂടെ കളിക്കാരനായി. പിന്നീട് ടാറ്റാസിലെത്തി. 1961ൽ റോവേഴ്സ് കപ്പിൽ ഇടതുകാൽമുട്ടിനു പരുക്കേറ്റതോടെ 27–ാം വയസ്സിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കേണ്ടി വന്നു. ചന്ദ്രശേഖറിന്റെ ഭാര്യ:ശാന്ത. മക്കൾ: സുനിൽ (സൗദി), മനോജ് (മുംബൈ). മരുമക്കൾ: ശിഖ, സ്മിത.
English Summary: Burma Chandran passed away