ADVERTISEMENT

മാഞ്ചസ്റ്റർ ∙ എർലിങ് ഹാളണ്ടിനെ പ്രശംസിക്കാൻ ഇനി വിശേഷണങ്ങളില്ല! ഓരോ മത്സരത്തിലും ഗോളും റെക്കോർഡുമായി തിളങ്ങുന്ന നോർവേ സ്ട്രൈക്കറുടെ മികവിൽ‌ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 3–1ന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. ജയത്തോടെ സിറ്റി 30 കളികളിൽ നിന്ന് 70 പോയിന്റോടെ രണ്ടാം സ്ഥാനത്തു തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള ആർസനൽ വെസ്റ്റ് ഹാമിനോടു സമനില (2–2) വഴങ്ങിയതും സിറ്റിക്കു നേട്ടമായി. 31 കളികളിൽ 74 പോയിന്റാണ് ആർസനലിനുള്ളത്. 

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ പകുതി മാത്രം കളിച്ച ഹാളണ്ട് നേടിയത് 2 ഗോളുകൾ. സീസണിലെ ഗോളെണ്ണം 32 ആക്കിയ ഹാളണ്ട് പ്രിമിയർ ലീഗ് സീസൺ 38 മത്സരങ്ങളായി മാറിയ ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ലിവർപൂൾ താരം മുഹമ്മദ് സലായുടെ നേട്ടത്തിനൊപ്പമെത്തി. 2017–18 സീസണിലായിരുന്നു സലായുടെ നേട്ടം. സീസണിൽ സിറ്റിക്ക് ഇനിയും 8 മത്സരങ്ങളുള്ളതിനാൽ ഹാളണ്ടിന് അനായാസം സലായെ മറികടക്കാം. പ്രിമിയർ ലീഗിൽ 42 മത്സരങ്ങളായിരുന്ന കാലത്തെ റെക്കോർഡും ഹാളണ്ടിനു തൊട്ടരികെയാണ്– 34 ഗോളുകൾ. ആൻഡി കോളും (ന്യൂകാസിൽ, 1993–94) അലൻ ഷിയററുമാണ് (ബ്ലാക്ക്ബേൺ, 1994–95) ആ റെക്കോർഡ‍ിന്റെ അവകാശികൾ. 

13–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയ ഹാളണ്ട് 25–ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നെയുടെ പാസിൽ നിന്ന് രണ്ടാം ഗോളും നേടി. 5–ാം മിനിറ്റിൽ ജോൺ സ്റ്റോൺസാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. 75–ാം മിനിറ്റിൽ കെലെച്ചി ഇയനാച്ചോയാണ് ലെസ്റ്റർ സിറ്റിയുടെ ഗോൾ നേടിയത്. വെസ്റ്റ് ഹാമിനെതിരെ 10 മിനിറ്റിനുള്ളിൽ തന്നെ 2–0നു മുന്നിലെത്തിയ ശേഷമാണ് ആർസനൽ സമനില വഴങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിട്ടിയ പെനൽറ്റി കിക്ക് ബുകായോ സാക പുറത്തേക്കടിച്ചതും ആർസനലിനു വലിയ തിരിച്ചടിയായി.

ഫ്രാങ്ക് ലാംപാഡിന്റെ ചെൽസിയുടെ കഷ്ടകാലം ഇന്നലെയും തുടർന്നു. ബ്രൈട്ടനോട് 2–1നു പരാജയപ്പെട്ട നീലപ്പട പോയിന്റ് പട്ടികയിൽ 11–ാം സ്ഥാനത്താണ്. പരിശീലകനായി തിരിച്ചെത്തിയ ശേഷം തുടർച്ചയായ 3–ാം തോൽവിയാണ് ലാംപാഡ് നേരിടുന്നത്.  5–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും ഇന്നലെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബോൺമത്താണ്  ഇൻജറി ടൈമിൽ നേടിയ ഗോളിൽ അട്ടിമറിച്ചത് (3–2).

∙ എംബപെയ്ക്കും മെസ്സിക്കും ഗോൾ; പിഎസ്ജിക്ക് ജയം 

FBL-FRA-LIGUE1-PSG-LENS
മെസ്സിയും എംബപെയും

പാരിസ് ∙ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപെയും ഗോൾ നേടിയ ഫ്രഞ്ച് ലീഗ് ഫുട്ബോൾ മത്സരത്തിൽ ലെൻസിനെതിരെ പിഎസ്ജിക്ക് ജയം (3–1). ആദ്യ പകുതിയിലായിരുന്നു പിഎസ്ജിയുടെ 3 ഗോളുകളും. 31–ാം മിനിറ്റിൽ എംബപെയും 40–ാം മിനിറ്റിൽ മെസ്സിയും ഗോൾ നേടി. 37–ാം മിനിറ്റിൽ വിറ്റീഞ്ഞോയാണ് ഒരു ഗോൾ നേടിയത്. 60–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഫ്രാങ്കോവ്സ്കിയാണ് ലെൻസിന്റെ ഗോൾ നേടിയത്. കളിയുടെ 19–ാം മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ സാലിസ് അബ്ദുൽ സമദ് ചുവപ്പുകാർഡ് കണ്ടതിനാൽ പിന്നീട് 10 പേരുമായാണ് ലെൻസ് കളിച്ചത്. ജയത്തോടെ 9 പോയിന്റ് ലീഡുമായി പിഎസ്ജി ഒന്നാം സ്ഥാനത്തു തുടരുന്നു. 

∙ റയലിന് ജയം

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ കഡിസിനെതിരെ റയൽ മഡ്രിഡിന് 2–0 ജയം. നാച്ചോ (72–ാം മിനിറ്റ്), മാർക്കോ അസെൻസിയോ (74) എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ റയൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു. ബാർസിലോനയാണ് ഒന്നാമത്.

English Summary: Double goal for Holland; Manchester City win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com