ADVERTISEMENT

കോഴിക്കോട് ∙ ഡിയേഗോ മൗറീഷ്യോ എന്ന കൊടുങ്കാറ്റിനു മുന്നിൽ ഗോകുലം എഫ്സി ആടിയുലഞ്ഞു വീണു. സൂപ്പർ കപ്പ് ചാംപ്യൻമാരായ ഒഡീഷ എഫ്സിയോട് 3–1ന് തോറ്റതോടെ ഗോകുലം എഎഫ്സി കപ്പിനു യോഗ്യത നേടാതെ പുറത്തായി. ഹാട്രിക് നേടിയ ബ്രസീലിയൻ താരം ഡിയേഗോ മൗറീഷ്യോയാണ് ഒഡീഷയുടെ വിജയശിൽപി. സൂപ്പർ കപ്പ് ഫൈനലിൽ ഇരട്ടഗോൾ നേടിയ മൗറീഷ്യോ ഇന്നലെ 3 തവണ ലക്ഷ്യം കണ്ട് സീസണിലെ ഗോൾ നേട്ടം 22 ആക്കി. അഫ്ഗാൻ താരം ഫർഷാദ് നൂറാണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ നേടിയത്. സൂപ്പർ കപ്പും എഎഫ്സി കപ്പ് യോഗ്യതയും നേടിയാണ് ഒഡീഷ കേരളം വിടുന്നത്. സ്വന്തം മൈതാനത്ത് തുടർച്ചയായ 4–ാം തോൽവിയാണ് ഗോകുലം ഇന്നലെ നേരിട്ടത്. 

മഞ്ഞക്കാർഡുകൾ പാറിപ്പറന്ന കയ്യാങ്കളിയുടെ രാത്രിയ്ക്കാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മികച്ച ഫോമിലുള്ള സൗരവ് 16–ാം മിനിറ്റിൽ പരുക്കേറ്റു പുറത്തേക്കു പോയതോടെ ഗോകുലം തുടക്കത്തിൽ തന്നെ കിതച്ചു. ആദ്യ 20 മിനിറ്റിൽ 4 മഞ്ഞക്കാർഡ് ലഭിച്ചതും ഗോകുലത്തിന് തിരിച്ചടിയായി. 18–ാം മിനിറ്റിൽ സ്പാനിഷ് മിഡ്ഫീൽഡർ വിക്റ്റർ റോഡ്രിഗസ് റൊമേറേയുടെ പാസിൽ നിന്നാണ് മൗറീഷ്യോയുടെ ആദ്യഗോൾ പിറന്നത്. 32–ാം മിനിറ്റിൽ വലതു വിങ്ങിലൂടെ കിട്ടിയ പാസ് കൃത്യമായി വലയിലാക്കി മൗറീഷ്യോ ലീഡ് ഉയ‌ർത്തി. ഗോകുലത്തിന്റെ നാലു പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്തു മുന്നേറിയാണ് മൗറീഷ്യോ മനോഹരമായ ഷോട്ടിലൂടെ വല കുലുക്കിയത്.

നാലു മിനിറ്റിനകം ഒരു ഗോൾ മടക്കി ഗോകുലം പ്രതീക്ഷയുണർത്തി. പകരക്കാരനായി ഇറങ്ങിയ താഹിർ സമാന്റെ പാസിൽ നിന്ന് 36–ാം മിനിറ്റിലാണ് ഫർഷാദ് നൂർ ലക്ഷ്യം കണ്ടത്. 

എന്നാൽ രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ഒഡീഷയ്ക്കായി മൗറീഷ്യോ 53–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ഹാട്രിക് തികച്ചു. ബോക്സിനകത്ത് പവൻ കുമാർ മൗറീഷ്യോയെ ഫൗൾ ചെയ്തതിനാണ് ഒഡീഷയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. ഗോകുലത്തിന്റെ സ്പാനിഷ് താരം സെർജിയോ മെൻഡി തുടരെത്തുടരെ ഒഡീഷ ഗോൾമുഖത്ത് ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഒടുവിൽ നിരാശയോടെ പന്ത് വലിച്ചെറിഞ്ഞ താരം 78–ാം മിനിറ്റിൽ മഞ്ഞക്കാർഡും  കണ്ടു.

വനിതാ ലീഗ്: ഒഡീഷയ്ക്കെതിരെ ഗോകുലത്തിന് വൻ ജയം (8–1)

അഹമ്മദാബാദ് ∙ പുരുഷ ടീം എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് സ്പോർട്സ് ഒഡീഷയ്ക്കെതിരെ തകർപ്പൻ ജയം (8–1). നേപ്പാൾ താരം സബിത്ര ഭണ്ഡാരി ഗോകുലത്തിനായി 4 ഗോൾ നേടി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഗോകുലം ഈസ്റ്റ് ബംഗാളിനെ 8–2നു തോൽപിച്ചപ്പോൾ സബിത്ര 5 ഗോളുകൾ നേടിയിരുന്നു. ഘാന താരം വിവിയൻ അഡ്ജെയ് (രണ്ട്), ക്യാപ്റ്റൻ ഡാംഗ്‌മെയ് ഗ്രേസ്, ഷിൽകി ദേവി എന്നിവരും ഇന്നലെ ഗോകുലത്തിനായി ഗോൾ നേടി. വിവിയനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary : Odisha FC defeated Gokulam Kerala FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com