ADVERTISEMENT

മാഞ്ചസ്റ്റർ ∙ വിയർപ്പിൽ കുതിർന്ന ജഴ്സിയുമായി പിച്ചിൽ നിന്നു കയറി വന്ന കെവിൻ ഡിബ്രൂയ്നെയെ എത്ര ചേർത്തു പിടിച്ചിട്ടും മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്കു മതിയായില്ല. ഫൈനലിലെത്താൻ വേണ്ട ഒരു ജയമേ പെപ് ആവശ്യപ്പെട്ടിരുന്നുള്ളൂ; ഡിബ്രൂയ്നെയും കൂട്ടരും നൽകിയത് പെപ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒന്നൊന്നര ജയം! ഇത്തിഹാദ് സ്റ്റേഡ‍ിയത്തിലെ നീലരാവിൽ, ചാംപ്യൻസ് ലീഗ് സെമി രണ്ടാം പാദത്തിൽ സിറ്റി റയൽ മഡ്രിഡിനെ തകർത്തത് 4–0ന്. ഇരുപാദങ്ങളിലുമായി സിറ്റിയുടെ ജയം 5–1ന്. കഴിഞ്ഞ വർഷം സെമിഫൈനലിലേറ്റ വേദനാജനകമായ തോൽവിക്ക് ഇതിലും നല്ലൊരു പ്രതികാരമില്ല. ആദ്യ പകുതിയിൽ ബെർണാഡോ സിൽവയുടെ ഇരട്ടഗോളുകളാണ് (23, 37 മിനിറ്റുകൾ) സിറ്റിയെ മുന്നിലെത്തിച്ചത്. 76–ാം മിനിറ്റിൽ റയൽ ഡിഫൻഡർ എദർ മിലിറ്റാവോയുടെ സെൽഫ് ഗോളും ഇൻജറി ടൈമിൽ (90+1) യൂലിയൻ അൽവാരസിന്റെ ഗോളും സിറ്റിയുടെ ജയം പൂർത്തിയാക്കി. ജൂൺ 10ന് ഇസ്തംബുളി‍ൽ നടക്കുന്ന ഫൈനലിൽ സിറ്റി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും. 

ആ 45 മിനിറ്റുകൾ!  

സ്വന്തം മൈതാനത്തെ ആദ്യപാദത്തിൽ വഴങ്ങിയ സമനിലയുമായെത്തിയ റയൽ ഇതു പോലൊരു ആക്രമണം പ്രതീക്ഷിച്ചില്ല എന്ന് ഒരു ഗോളിനു പിന്നിലായപ്പോഴുള്ള അവരുടെ മുഖഭാവങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ അടുത്തെത്തി നിർദേശങ്ങൾക്കായി കെഞ്ചിയ വിനീസ്യൂസ് ആദ്യപകുതിയിൽ റയലിന്റെ നിസ്സഹായതയുടെ പ്രതീകമായി.  ഉജ്വലമായ പ്രെസ്സിങ്ങിലൂടെയും പാസിങ്ങിലൂടെയും നിലവിലെ ചാംപ്യന്മ‍ാരെ നിഷ്പ്രഭരാക്കിയാണ് സിറ്റി ആദ്യ പകുതിയിൽ തന്നെ 2–0നു മുന്നിലെത്തിയത്. 45 മിനിറ്റിനിടെ 10 തവണ മാത്രമാണ് റയൽ സിറ്റിയുടെ ബോക്സിനു പരിസരത്ത് പന്തു തൊട്ടത്. പന്തവകാശം 28 ശതമാനം മാത്രം. സിറ്റി 13 ഷോട്ടുകൾ പായിച്ചപ്പോൾ റയൽ ഒരേയൊരെണ്ണം. ഗോ‍ളെണ്ണം ഇതിൽ ഒതുങ്ങിയതിന് ഗോൾകീപ്പർ തിബോ കോർട്ടോയോടു നന്ദി പറയണം റയൽ. ആദ്യ പകുതിയിൽ എർലിങ് ഹാളണ്ടിന്റെ 2 പോയിന്റ് ബ്ലാങ്ക് ഹെഡറുകളാണ് കോർട്ടോ സേവ് ചെയ്തത്. രണ്ടാം പകുതിയിൽ മുഖാമുഖം നിൽക്കേ നോർവേ താരത്തിന്റെ ഷോട്ടും കോ‍ർട്ടോ രക്ഷപ്പെടുത്തി. 

ടിക്കറ്റ് ടു ഇസ്തംബുൾ 

റയൽ ഡിഫൻഡർമാർ ഹാളണ്ടിനെ പിടിച്ചു കെട്ടാൻ ഓടി നടന്നപ്പോൾ കളി കാൽക്കലാക്കിയത് സിറ്റി വിങ്ങർമാരായ ബെർണാഡോ സിൽവയും ജാക്ക് ഗ്രീലിഷും. 23–ാം മിനിറ്റിൽ വലതു വിങ്ങിൽ കൈൽ വോക്കറും ജോൺ സ്റ്റോൺസും ഒരുക്കിക്കൊടുത്ത മുന്നേറ്റത്തിൽ, ഡിബ്രൂയ്നെയുടെ പാസിൽ നിന്നാണ് സിൽവ ലക്ഷ്യം കണ്ടത്. 37–ാം മിനിറ്റിൽ ഇൽകായ് ഗുണ്ടോവന്റെ ഷോട്ട് മിലിറ്റാവോയുടെ മേൽതട്ടി ഉയർന്നത് സിൽവയുടെ തലപ്പാകത്തിൽ. അപ്രതീക്ഷിത ഹെഡറിൽ കോർട്ടോ നിസ്സഹായൻ. ടോണി ക്രൂസിന്റെ ഒരു ഡ്രൈവ് സിറ്റി ഗോൾകീപ്പർ എദേഴ്സന്റെ വിരലിലുരുമ്മി ബാറിൽ തട്ടിത്തെറിച്ചതു മാത്രമാണ് ആദ്യ പകുതിയിൽ റയലിന് ഓർത്തിരിക്കാവുന്ന ഒരേയൊരു നിമിഷം. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയൽ കുറച്ചു ഊർജസ്വലരായി കളിച്ചെങ്കിലും 73–ാം മിനിറ്റിൽ അതും തീർന്നു. ഡിബ്രൂയ്നെയുടെ ബോക്സിലേക്കു വന്ന ഒരു ഫ്രീകിക്ക് മാനുവൽ അകഞ്ചിക്കു തൊടാനായില്ല. എന്നാൽ പന്ത് മിലിറ്റാവോയുടെ ദേഹത്തു തട്ടി ഗതി മാറി വലയിലേക്ക്. 89–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അർജന്റീന താരം അൽവാരസും ഇൻജറി ടൈമിൽ ലക്ഷ്യം കണ്ടതോടെ സിറ്റി ആരാധകർ തീരുമാനമെടുത്തു– ഇസ്തംബുളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ..! 

സിറ്റിക്ക് ലക്ഷ്യം ട്രെബിൾ 

ചാംപ്യൻസ് ലീഗിൽ ഫൈനലിലെത്തിയതോടെ സീസണിൽ ട്രെബിൾ കിരീടനേട്ടമാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്. നിലവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാമതുളള സിറ്റി എഫ്എ കപ്പ് ഫൈനലിലുമെത്തിയിട്ടുണ്ട്. ജൂൺ 3ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായിട്ടാണ് ഫൈനൽ. 1999ൽ സർ അലക്സ് ഫെർഗൂസന്റെ പരിശീലനത്തിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇംഗ്ലിഷ് ഫുട്ബോളിൽ ട്രെബിൾ നേട്ടം കൈവരിച്ച ഒരേയൊരു ടീം. ഒരു സീസണിൽ തന്നെ ആഭ്യന്തര ലീഗ്, കപ്പ്, ചാംപ്യൻസ് ലീഗ് തുടങ്ങി 3 പ്രധാന കിരീടങ്ങളും നേടുന്നതാണ്  ട്രെബിൾ. 

English Summary : Manchester City defeated Royal Madrid and enter champions league final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com