റിയാദ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യ വിട്ട്, യൂറോപ്പിലേക്കു തന്നെ മടങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാണ് റൊണാൾഡോ അൽ നസ്റിൽ ചേർന്നത്. സൗദി അറേബ്യൻ ക്ലബ്ബിലെ സാഹചര്യങ്ങളിൽ സൂപ്പർ താരം തൃപ്തനല്ലെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദിയിലെ ജീവിതവുമായി ചേർന്നുപോകാൻ ക്രിസ്റ്റ്യാനോയുടെ കുടുംബവും ബുദ്ധിമുട്ടുകയാണ്. ഭാഷയാണ് സൂപ്പര്‍ താരത്തിന്റേയും കുടുംബത്തിന്റേയും പ്രധാന പ്രശ്നം.
റൊണാൾഡോ റയൽ മഡ്രിഡിലേക്കു പോകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, സ്പാനിഷ് ക്ലബ്ബിന് സൂപ്പർ താരത്തെ ടീമിലെടുക്കാൻ താൽപര്യമില്ലെന്നാണു പുതിയ വിവരം. അതേസമയം ജർമന്‍ ക്ലബ്ബായ ബയേൺ മ്യൂണിക്ക് റൊണാൾഡോയ്ക്കായി വല വിരിച്ചിട്ടുണ്ട്. ജർമൻ ബിസിനസുകാരൻ മാർകസ് ഷോണിന്റെ പിന്തുണയോടെ റൊണാൾഡോയെ ജർമനിയിലെത്തിക്കാനാണു ശ്രമം.
ബയേൺ സിഇഒ ഒലിവർ ഖാൻ ക്രിസ്റ്റ്യാനോയുടെ ട്രാൻസ്ഫറിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോഷ്വ കിമ്മിച്ച്, സാദിയോ മാനെ തുടങ്ങിയ പ്രമുഖർ ടീം വിടുമ്പോൾ, ബയേണിനെ ശക്തമാക്കുന്നതിന് റൊണാൾഡോയുടെ വരവോടെ സാധിക്കുമെന്നാണു പ്രതീക്ഷ. പുതിയ താരങ്ങളെ ഉൾപ്പെടുത്തി ടീം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണു പരിശീലകനായ തോമസ് ടുഹേൽ.
English Summary: Cristiano Ronaldo wants to leave Al Nassr