റിയാദ് ∙ 2 ഗോളിനു പിന്നിൽനിന്ന ശേഷം 3 ഗോൾ തിരിച്ചടിച്ച് കളി ജയിച്ച് അൽ നസ്‌ർ. വിജയഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ഫുട്ബോൾ ലീഗിൽ കിരീടപ്രതീക്ഷകളിലേക്കു വീണ്ടും ടീമിനെയെത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഹതാരങ്ങൾ വാരിപ്പുണരുന്ന കാഴ്ചയായിരുന്നു കളത്തിൽ.
അൽ ഷബാബിനെതിരെ 3–2നായിരുന്നു അൽ നസ്‌റിന്റെ വിജയം. റിയാദ് ഡാർബിയിൽ ക്രിസ്റ്റ്യൻ ഗുവാൻകയുടെ ഇരട്ടഗോളിൽ ആദ്യം ലീഡ് നേടിയത് അൽ ഷബാബാണ്. എന്നാൽ, ബ്രസീൽ താരം ആൻഡേഴ്സൻ ടാലിസ്ക അൽ നസ്‌റിന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ അബ്ദുൽ റഹ്മാൻ ഗരീബിന്റെ ഗോളിൽ അൽ നസ്‌ർ ഒപ്പമെത്തി.
തുടർന്നായിരുന്നു ക്രിസ്റ്റ്യാനോ ടീമിനായി വിജയഗോൾ കുറിച്ചത്. 2 ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയാണ് താരം ലക്ഷ്യം കണ്ടത്. സൗദി ലീഗിൽ പോർച്ചുഗൽ താരത്തിന്റെ 14–ാം ഗോളാണിത്. ഈ കളിയിൽ, ലീഗിലെ 2–ാം സ്ഥാനക്കാരായ അൽ നസ്‌ർ പരാജയപ്പെട്ടിരുന്നെങ്കിൽ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ അൽ ഇത്തിഹാദ് കിരീടം നേടുമായിരുന്നു. അൽ ബാറ്റിനെ 1–0ന് തോൽപിച്ച അൽ ഇത്തിഹാദിനു നിലവിൽ 3 പോയിന്റ് ലീഡുണ്ട്.
English Summary : Al Nassr vs Al Shabab Match Updates