സഹലിനെ റാഞ്ചാൻ വമ്പൻമാർ, വിടുമോ കേരള ബ്ലാസ്റ്റേഴ്സ്? പരിശീലകരുമായി പിണങ്ങിപ്പിരിഞ്ഞ് ഇവാൻ
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിനായി വല വീശി ഐഎസ്എലിലെ മറ്റു ക്ലബ്ബുകൾ. കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ഒഡീഷ എഫ്സി എന്നിവ ഉൾപ്പെടെ 3 ക്ലബ്ബുകളെങ്കിലും സഹലിനായി വലവിരിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ഒഡീഷ കോച്ചായി ചുമതലയേറ്റ സെർജിയോ ലൊബേറോ സഹലിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള സഹലിനു നേരത്തേ ക്ലബ് വിടണമെങ്കിൽ റിലീസ് ക്ലോസ് ആയി 12 കോടി രൂപ വാങ്ങുന്ന ക്ലബ് നൽകേണ്ടി വരും. ഇത്രയും തുക മുടക്കാൻ ഒരു ക്ലബ് തയാറാവുകയും സഹൽ ഇതിനു സമ്മതം മൂളുകയും ചെയ്തെങ്കിൽ മാത്രമേ ഈ മാറ്റം യാഥാർഥ്യമാകൂ.
മിസൈൽ മടങ്ങുന്നു
കോച്ച് ഇവാൻ വുക്കോമനോവിച്ച് സൂപ്പർ സബ്സ്റ്റിറ്റ്യൂട്ടായി അവതരിപ്പിച്ച യുക്രെയ്ൻ ‘മിസൈൽ’ ഇവാൻ കല്യൂഷ്നി ടീം വിട്ടേക്കും. വായ്പക്കരാറിൽ കഴിഞ്ഞ സീസണിൽ ടീമിലെത്തിയ കല്യൂഷ്നി ഐഎസ്‌എലിൽ 18 മത്സരം കളിച്ചു; 4 ഗോളും നേടി. പക്ഷേ, സൂപ്പർ കപ്പ് പൂർത്തിയാകും മുൻപേ അദ്ദേഹം ടീം ക്യാംപ് വിട്ടു. ബ്ലാസ്റ്റേഴ്സിനായി ഇനി കളിക്കാൻ സാധ്യത കുറവാണെന്നാണു വിവരം. കോച്ചിങ് സംഘവുമായി പിണങ്ങിയതാണു കല്യൂഷ്നിയുടെ മടക്കത്തിനു പിന്നിലെന്നാണ് അഭ്യൂഹം. അപ്പോസ്തലസ് ജിയാനുവും ടീം വിട്ടിരുന്നു.
മടങ്ങി വരുമോ, വാസ്കെസ്?
ബ്ലാസ്റ്റേഴ്സിന്റെ മുൻകാല ഹീറോ അൽവാരോ വാസ്കെസ് നിലവിലെ ക്ലബ് എഫ്സി ഗോവയുമായി നല്ല ബന്ധത്തിൽ അല്ലെന്നാണു സൂചന. വിട്ടുനൽകാൻ ഗോവ തയാറായാൽ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു നോക്കും. ബ്ലാസ്റ്റേഴ്സിനു മൂന്നാമതൊരു വിദേശ സ്ട്രൈക്കർ വേണം. ഇന്ത്യൻ സാഹചര്യങ്ങൾ പരിചയമുള്ള, ബ്ലാസ്റ്റേഴ്സ് കളിക്കാരുമായും കോച്ചുമായും നല്ല ബന്ധമുള്ള, കാണികളുടെ പ്രിയ താരമായ വാസ്കെസ് തന്നെയാണെങ്കിൽ നന്ന് എന്നതാണു വിലയിരുത്തൽ.
English Summary : Another club try to catch Kerala Blasters Sahal Abdul Samad