റിയാദ് ∙ രണ്ടര വർഷത്തേക്കു കൂടി സൗദി അറേബ്യയിൽ തുടരാനുള്ള കരാറിൽ പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പുവച്ചു. സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്‌റുമായി 20 കോടി യൂറോയുടേതാണ് (ഏകദേശം 1771 കോടി രൂപ) കരാറെന്നു വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ജനുവരിയിൽ അൽ നസ്‌റിലെത്തിയ മുപ്പത്തിയെട്ടുകാരൻ ക്രിസ്റ്റ്യാനോ 16 മത്സരങ്ങളിൽനിന്നു 14 ഗോളുകൾ നേടിയെങ്കിലും ടീമിനു ലീഗ് ചാംപ്യന്മാരാകാൻ സാധിച്ചില്ല. അൽ ഇത്തിഹാദിനു പിന്നിൽ 2–ാം സ്ഥാനക്കാരായാണ് അൽ നസ്‌ർ ഈ സീസൺ അവസാനിപ്പിച്ചത്. പരുക്കുമൂലം ലീഗിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്കു കളിക്കാൻ സാധിച്ചതുമില്ല.
‘ഞാൻ ഹാപ്പിയാണ്. ഇവിടെ തുടരാനാണ് ആഗ്രഹം. കൂടുതൽ മികച്ച കളിക്കാർ സൗദിയിലേക്കു വരട്ടെ എന്നാഗ്രഹിക്കുന്നു.’’ ക്രിസ്റ്റ്യാനോ പറഞ്ഞു. സൗദി ക്ലബ് അൽ ഹിലാലുമായി ലയണൽ മെസ്സിയും അൽ ഇത്തിഹാദുമായി ഫ്രഞ്ച് താരം കരിം ബെൻസേമയും ചർച്ചയിലാണെന്ന വാർത്തകളോടും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ‘ അവരെല്ലാം വരട്ടെ, അപ്പോൾ ഈ ലീഗും വലുതാകും’’.
English Summary : Cristiano Ronaldo signed agreement for two and half years