ADVERTISEMENT

കോഴിക്കോട് ∙ മലബാറിന്റെ സ്വന്തം ഫുട്ബോൾ ടീം ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് സ്റ്റേഡിയം തിരിച്ചെടുക്കാൻ തീരുമാനിച്ച് കോഴിക്കോട് കോർപറേഷൻ. നിലപാടു കനപ്പിച്ച് ഒരു വശത്ത് കോർപറേഷൻ നിൽക്കുമ്പോൾ ആശങ്കയിലാണ് ഗോകുലം. മറ്റു ജില്ലകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ക്ഷണം വരുന്നുണ്ടെങ്കിലും സ്വന്തം നാട്ടിൽ നിന്ന് മാറിനിൽക്കാൻ ഗോകുലവും ആഗ്രഹിക്കുന്നില്ല.

ഐ ലീഗിൽ പന്തു തട്ടാൻ തുടങ്ങിയ കാലം തൊട്ട് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഇഎംഎസ് സ്റ്റേ‍ഡിയം. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഗോകുലം ചെയ്യുന്നില്ലെന്നതിനാലാണ് ഗ്രൗണ്ട് തിരിച്ചെടുക്കുന്നതെന്ന് കോർപറേഷൻ പറയുന്നു. ഐ ലീഗിലെ ഹോം മത്സരങ്ങൾ നടത്തുന്നതിനായി 2018 ഓഗസ്റ്റ് മൂന്നിനാണ് സ്റ്റേഡിയം ഒരു വർഷത്തേക്ക് ക്ലബ്ബിന് അനുവദിച്ചത്. പിന്നീട് ഓരോ വർഷത്തേക്ക് കരാർ കാലാവധി പുതുക്കി നൽകുകയായിരുന്നു.

ക്ലബ്ബും കോർപറേഷനുമായി ഏറെക്കാലമായി ശീതസമരത്തിലായിരുന്നു. ഏപ്രിലിൽ നടന്ന ഹീറോ സൂപ്പർ കപ്പിനു മുന്നോടിയായി നവീകരണ പ്രവർത്തനങ്ങൾ ആരു നടത്തുമെന്ന് തർക്കം ഉയർന്നിരുന്നു. 

ടൂർണമെന്റിനു മുൻപ് നടത്തിയ പരിശോധനയിൽ എട്ടോളം ഗേറ്റുകൾ തുരുമ്പുപിടിച്ച് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ലൈറ്റുകളുടെ ഇലക്ട്രിക്കൽ സംവിധാനവും തകരാറിലായിരുന്നു. വിദേശത്തുനിന്നെത്തിയ പരിശീലകർ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളിൽ പരാതി ഉയർത്തുകയും ചെയ്തു. ഇതിനൊടുവിലാണ് സ്റ്റേഡിയം തിരിച്ചെടുക്കാൻ 26ന് ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായത്.

ഒരു ക്ലബ്ബിനു പൂർണമായി മൈതാനം അനുവദിക്കുന്നത് സ്റ്റേഡിയത്തിലെ ഗ്രാസ് ബെഡ് പരിപാലിക്കാൻ വെല്ലുവിളിയാണെന്ന വാദവും ഉയർന്നിട്ടുണ്ട്. ഗോകുലത്തിന്റെ സീനിയർ, ജൂനിയർ, വനിതാ സീനിയർ, വനിതാ ജൂനിയർ ടീമുകൾ  ദിവസവും പരിശീലിക്കുന്നതിനാൽ മൈതാനം പരിപാലിക്കാൻ ഇടവേള കിട്ടില്ലെന്നാണ് വാദം.

എന്നാൽ തങ്ങളുടെ ഹോം ഗ്രൗണ്ടായി അനുവദിച്ച മൈതാനത്ത് കോർപറേഷൻ ഉൾപ്പെടെ പലരുടെയും വിവിധ മത്സരങ്ങൾ നടത്തിയിരുന്നതായി ഗോകുലവും പറയുന്നു.

കോർപറേഷൻ പറയുന്നത്:

∙ മൈതാനത്തെ പച്ചപ്പുല്ല്, ഗാലറി, സീറ്റുകൾ, ഫ്ലഡ്‌ ലൈറ്റ് തുടങ്ങിയവ കൃത്യമായി ക്ലബ് പരിപാലിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. ഇവ ചെയ്തില്ല.

∙ സൂപ്പർ കപ്പിനു മുൻപ് ലൈറ്റ് സംവിധാനം നന്നാക്കാൻ കെഎഫ്എ വൻതുക ചെലവഴിക്കേണ്ടി വന്നു.

ഗോകുലം പറയുന്നത്:

∙ സ്റ്റേഡിയത്തിനു വേണ്ടി ക്ലബ് ഒരു കോടിയോളം രൂപ ചെലവഴിച്ചു. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റ്  സംവിധാനം ഏറെ പഴക്കമുള്ളതാണ്. തകരാറിലായ സംവിധാനം കൈമാറിയ ശേഷം നന്നാക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

∙ കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് ഗോകുലം ഇവിടെ നടത്തിയത്. കെഎഫ്എ, കെഡിഎഫ്എ, കോർപറേഷൻ, വിവിധ സർക്കാർ ഏജൻസികൾ എന്നിവർ വിവിധ പരിപാടികൾക്ക് മൈതാനം ഉപയോഗിച്ചിരുന്നു. ഗോകുലത്തെക്കാൾ കൂടുതൽ മൈതാനം ഉപയോഗിച്ചിരുന്നത് മറ്റു ചില ടീമുകളാണ്.

English Summary: Kozhikode Corporation has decided to take back EMS Stadium home ground of Gokulam Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com