അവസാന മത്സരത്തിലും കൂവൽ, പുഞ്ചിരിയോടെ സൂപ്പർ താരം; ലയണൽ മെസ്സി ഇനി എങ്ങോട്ട്?

Mail This Article
പാരിസ്∙ ഇങ്ങനെയൊരു വിടവാങ്ങൽ ആവില്ല ലയണൽ മെസ്സി ആഗ്രഹിച്ചിട്ടുണ്ടാവുക; പക്ഷേ പിഎസ്ജി ആരാധകരുടെ കൂവലുകൾക്കിടയിലും പുഞ്ചിരിയോടെ മക്കളെ ചേർത്തു പിടിച്ച് അർജന്റീന താരം പാരിസിനോടു വിട ചൊല്ലി. ഫ്രഞ്ച് ലീഗ് സീസണിൽ പിഎസ്ജിയുടെ അവസാന മത്സരത്തിനു പിന്നാലെയാണ് മെസ്സി സംഭവബഹുലമായ 2 വർഷത്തെ പിഎസ്ജി കാലത്തിനു വിരാമമിട്ടത്. മെസ്സിക്കൊപ്പം സ്പാനിഷ് താരം സെർജിയോ റാമോസും ക്ലബ്ബിനോടു വിട പറഞ്ഞു. അവസാന മത്സരത്തിൽ റാമോസ് ഗോൾ നേടിയെങ്കിലും ക്ലെർമണ്ടിനെതിരെ പിഎസ്ജി 3–2നു തോറ്റു.
പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസ്സിയുടെ പേരു വിളിച്ചപ്പോൾ കയ്യടികളും കൂവലുകളും സമ്മിശ്രമായിരുന്നു. മത്സരത്തിൽ മെസ്സിക്ക് ഒട്ടേറെ അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല. 16–ാം മിനിറ്റിൽ ഹെഡറിലൂടെ റാമോസും 21–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കിലിയൻ എംബപെയുമാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്.
എന്നാൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ച് ക്ലെർമണ്ട് അദ്ഭുത വിജയം നേടി. തോറ്റെങ്കിലും പിഎസ്ജി നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.
സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലാണ് വൻതുക നൽകി മെസ്സിയെ സ്വന്തമാക്കാൻ രംഗത്തുള്ളത്. 40 കോടി യുഎസ് ഡോളർ (ഏകദേശം 3270 കോടി രൂപ) ക്ലബ് മെസ്സിക്ക് ഓഫർ നൽകിയതായാണ് റിപ്പോർട്ടുകൾ.
എംബപെയ്ക്ക് 5–ാം ഗോൾഡൻ ബൂട്ട്
പാരിസ് ∙ ഫ്രഞ്ച് ലീഗ് ഫുട്ബോളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് തുടർച്ചയായ 5–ാം തവണയും പിഎസ്ജി താരം കിലിയൻ എംബപെയ്ക്ക്. ക്ലെർമണ്ടിനെതിരെ അവസാന മത്സരത്തിൽ ഗോളടിച്ചതോടെ ഫ്രാൻസ് സ്ട്രൈക്കർക്ക് 29 ഗോളുകളായി. ജീൻ പിയെറി പാപിൻ, കാർലോസ് ബിയാഞ്ചി, ഡെലിയോ ഒന്നിസ് എന്നിവർ മാത്രമാണ് ഇതിനു മുൻപ് 5 തവണ ഫ്രഞ്ച് ലീഗിൽ ടോപ് സ്കോറർ ട്രോഫി നേടിയിട്ടുള്ളത്.
English Summary: Messi bids farewell to PSG amidst jeers