കൊച്ചി∙ വനിതാ ഫുട്ബോൾ ടീമിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണു തീരുമാനമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിനു നാലു കോടി രൂപ ബ്ലാസ്റ്റേഴ്സിനു പിഴ ചുമത്തിയിരുന്നു.
വലിയൊരു തുക പിഴയായി അടയ്ക്കേണ്ടതിനാലാണ് വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. തീരുമാനം താൽക്കാലികം മാത്രമാണെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. പുതിയ സീസണിൽ വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനിരിക്കെയാണ് ടീമിനു പിഴ ചുമത്തിയത്.
‘‘നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ആരാധകരുടെ നിരാശയും ഞങ്ങൾക്കു മനസ്സിലാകും. ഞങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പുതരികയാണ്.’’– കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കേരള വനിതാ ലീഗിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനം നേടിയിരുന്നു.
English Summary: Kerala Blasters decide to temporarily scrap women's team