ADVERTISEMENT

മാഞ്ചസ്റ്റർ ∙ നെയ്ബേഴ്സ് എൻവി, ഓണേഴ്സ് പ്രൈഡ് (അയൽക്കാരുടെ അസൂയാപാത്രം, ഉടമസ്ഥരുടെ അഭിമാനഭാജനം)– ഇന്ത്യൻ ഉപകരണ നിർമാതാക്കളായ ഒനിഡ കമ്പനിയുടെ വിഖ്യാതമായ ഈ പരസ്യവാചകം മാഞ്ചസ്റ്റർ സിറ്റി ഉടമസ്ഥർ കേട്ടിട്ടുണ്ടാവുമോ? അവരുടെ കൈവശം ഇപ്പോൾ അങ്ങനെയൊരു ‘പ്രൊഡക്ട്’ ഉണ്ട്. ഒനിഡയുടെ പരസ്യത്തിലെ പ്രിയപ്പെട്ട ചെകുത്താന്റെ അതേ ഛായയുള്ള പരിശീലകൻ പെപ് ഗ്വാർഡിയോള!

പെപ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ചാംപ്യൻസ് ലീഗ് ട്രോഫിയുമായി ഇംഗ്ലണ്ടിലെത്തിയപ്പോൾ.
പെപ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ചാംപ്യൻസ് ലീഗ് ട്രോഫിയുമായി ഇംഗ്ലണ്ടിലെത്തിയപ്പോൾ.

കാത്തിരുന്ന യുവേഫ ചാംപ്യൻസ് ലീഗ് കിരീടം ഒടുവിൽ കയ്യിലെത്തിയപ്പോൾ സിറ്റി ആരാധകരുടെ സോഷ്യൽ മീഡിയ വോളുകളിലും സ്റ്റാറ്റസിലും സൂപ്പർ താരങ്ങളായ എർലിങ് ഹാളണ്ടിന്റെയും കെവിൻ ഡിബ്രൂയ്നെയുടെയും ചിത്രങ്ങളെക്കാൾ നിറഞ്ഞത് അൻപത്തിരണ്ടുകാരൻ പെപ്പിന്റെ ചിത്രമാണ്. പെപ്പിനു കീഴിൽ ചാംപ്യൻസ് ലീഗ് കിരീടവും നേടിയെങ്കിലും സിറ്റി ആരാധകരുടെ സ്വപ്നങ്ങൾ ഇതുകൊണ്ടു തീരുന്നതല്ല.

ഫെർഗിയുടെ ഇംഗ്ലണ്ട്

തൊണ്ണൂറുകളി‍ൽ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ് ഫെർഗൂസന്റെ പരിശീലനത്തിൽ ഇംഗ്ലണ്ടും യൂറോപ്പും അടക്കി ഭരിച്ചപ്പോൾ നിസ്സഹായരായ കാഴ്ചക്കാർ മാത്രമായിരുന്നു മാഞ്ചസ്റ്റർ സിറ്റി. യുണൈറ്റഡ് ട്രെബിൾ നേട്ടം (ഇംഗ്ലിഷ് പ്രിമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്) കൈവരിച്ച 1999ൽ രണ്ടാം ഡിവിഷനിലായിരുന്നു സിറ്റി! 2012ൽ സിറ്റി ആദ്യമായി ഇംഗ്ലിഷ് ചാംപ്യൻമാരാകുന്നതിനു മുൻപു തന്നെ ഫെർഗൂസനു കീഴിൽ 12 പ്രിമിയർ ലീഗ് കിരീടങ്ങൾ നേടിയിരുന്നു യുണൈറ്റഡ്. എന്നാൽ പിന്നീടുള്ള 11 സീസണുകളിൽ യുണൈറ്റഡ് ഒരു തവണ മാത്രം ചാംപ്യൻമാരായപ്പോൾ സിറ്റി കിരീടം കയ്യിലെടുത്തത് 6 തവണ. അതിൽ അഞ്ചും പെപ്പിനു കീഴിൽ.

26 വർഷം നീണ്ട കോച്ചിങ് കാലയളവിൽ യുണൈറ്റ‍ഡിന് 38 ട്രോഫികൾ നേടിക്കൊടുത്ത ഫെർഗൂസന്റെ റെക്കോർഡിന് അടുത്തെത്താൻ ഗ്വാർഡിയോള ഇനിയും ‘മാരത്തൺ ദൂരം’ സഞ്ചരിക്കേണ്ടി വരുമെങ്കിലും അതിനു തുല്യമായൊരു ‘സ്പ്രിന്റ് കുതിപ്പ്’ സൃഷ്ടിച്ചതിൽ പെപ്പിന് അഭിമാനിക്കാം. സിറ്റി പരിശീലകനായി 7 വർഷം പൂർത്തിയാക്കുമ്പോൾ 14 കിരീടങ്ങളാണ് പെപ് സിറ്റിക്ക് നേടിക്കൊടുത്തത്. ഒരു വർഷം ശരാശരി 2 കിരീടം!

പെപ്പിന്റെ യൂറോപ്പ്

2025ൽ നിലവിലെ കരാർ പൂർത്തിയാകുന്നതോടെ ക്ലബ് വിടുമെന്നു സൂചന നൽകിയതോടെ ഫെർഗൂസന്റെ റെക്കോർഡൊന്നും പെപ്പിന്റെ മനസ്സിലില്ല എന്നു വ്യക്തം. ഇംഗ്ലിഷുകാരനായ ഫെർഗൂസന്റെ ആഭ്യന്തര റെക്കോർഡിനെക്കാൾ കാർലോ ആഞ്ചലോട്ടിയുടെ യൂറോപ്യൻ റെക്കോർഡുകളാവും സ്പെയിൻകാരനായ പെപ്പിനു പഥ്യവും പ്രാപ്യവും.

യൂറോപ്പിലെ 5 മേജർ ലീഗുകളിലും കിരീടനേട്ടം, 5 ചാംപ്യൻസ് ലീഗ് ഫൈനലുകൾ, 4 ചാംപ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവയെല്ലാം ആഞ്ചലോട്ടിയുടെ പേരിലാണ്. ബാർസിലോന, ബയൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി എന്നീ 3 ക്ലബ്ബുകൾക്കൊപ്പം ലീഗ് കിരീടങ്ങളും 3 ചാംപ്യൻസ് ലീഗ് കിരീടങ്ങളും പെപ് പൂർത്തിയാക്കിക്കഴിഞ്ഞു. ക്ലബ് ഫുട്ബോളിന്റെ തിരക്കിൽ നിന്നൊഴിവാകാൻ തീരുമാനമെടുത്താൽ രാജ്യാന്തര ഫുട്ബോളും പെപ്പിനെ കാത്തിരിക്കുന്നുണ്ട്.  

English Summary: Manchester City's future plans under Pep Guardiola

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com