ADVERTISEMENT

ഫുട്ബോൾ പരിശീലകർക്കിടയിലെ മാന്ത്രികനായ നെതർലൻഡുകാരൻ ഗുസ് ഹിഡിങ്ക് ഓസ്ട്രേലിയയെ ലോകഫുട്ബോളിൽ മേൽവിലാസമുള്ളവരാക്കിയത് ഒരു കെട്ടുകഥ പോലെ വിചിത്രമാണ്. 2005ൽ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ടീമിനെ വിളിച്ചു കൂട്ടിയ ഹിഡിങ്ക് കളിക്കാരെ കണ്ട് അമ്പരന്നു. തലയിൽ തൊപ്പിയണിഞ്ഞ് നീളൻ ഷോർട്സും ബർമുഡയുമണിഞ്ഞാണ് പലരും വന്നത്. കളിക്കാനിറങ്ങിയപ്പോൾ കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതു പോലുള്ള ബഹളവും.

കളിക്കളത്തിൽ നിശബ്ദരാകാനാണ് ഹിഡിങ്ക് ആദ്യം അവരെ പഠിപ്പിച്ചത്. അനാവശ്യമായി പന്തിനു പിന്നാലെ ഓടി ഊർജം കളയുന്ന ശൈലിയും മാറ്റിയെടുത്തു. ഹിഡിങ്കിന്റെ ശിക്ഷണത്തിൽ വലിയ ടൂർണമെന്റുകൾക്ക് ആവശ്യമായ അച്ചടക്കം നേടിയ ഓസ്ട്രേലിയ 1974നു ശേഷം ആദ്യമായി 2006ൽ ലോകകപ്പ് കളിച്ചു; രണ്ടാം റൗണ്ടിലുമെത്തി. ഇപ്പോഴും ലോക ഫുട്ബോളിലെ ഏറ്റവും മത്സരക്ഷമതയുള്ള ടീമുകളിലൊന്നായി തുടരുന്നു അവർ.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ വിജയാഹ്ലാദം. Photo: FB@IndianFootballTeam
ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ വിജയാഹ്ലാദം. Photo: FB@IndianFootballTeam

ഹിഡിങ്കിന്റെയും ഓസ്ട്രേലിയയുടെയും കഥ കേൾക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഓർമ വരുന്നെങ്കിൽ അത് യാദൃശ്ചികമല്ല. കുറച്ചു വർഷങ്ങൾ മുൻപു വരെ ഹിഡിങ്ക് പറഞ്ഞ പഴയ ഓസ്ട്രേലിയൻ ടീമിന്റെ അവസ്ഥ തന്നെയായിരുന്നു ഇന്ത്യയുടേതും. ഇപ്പോഴും വലിയ മാറ്റമില്ലല്ലോ എന്ന് ദോഷൈകദൃക്കുകളായ ആരെങ്കിലും പറഞ്ഞാൽ ഇംഫാലിലെ ഖുമൻ ലംപക് സ്റ്റേഡിയത്തിലെയും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെയും ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെയും കാണികൾ ഉച്ചത്തിൽ തിരുത്തും; അല്ല! കാരണം ഇന്ത്യൻ ഫുട്ബോളിന്റെ സമീപകാല കുതിപ്പ് നേരിട്ടു കണ്ടവരാണവർ. ആദ്യം കണക്കുകൾ: കഴിഞ്ഞ 104 ദിവസത്തിനിടെ ഇന്ത്യ നേടിയത് 3 കിരീടങ്ങൾ. കളിച്ചത് 11 മത്സരങ്ങൾ. ജയം 9, സമനില 2. തോൽവി പൂജ്യം! 16 ഗോളുകൾ അടിച്ച ഇന്ത്യ തിരിച്ചു വാങ്ങിയത് 2 ഗോൾ മാത്രം. അതിലൊന്ന് സെൽഫ് ഗോളും. ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ തിരിച്ചു കയറാനും ഇന്ത്യയ്ക്കായി. 

ഗോളുറപ്പ് ശൈലി 

 

മത്സര ശേഷം സഹൽ അബ്ദുൽ സമദിന്റെയും ഗുർപ്രീത് സിങ് സന്ധുവിന്റെയും ആഹ്ലാദം. Photo: FB@IndianFootballTeam
മത്സര ശേഷം സഹൽ അബ്ദുൽ സമദിന്റെയും ഗുർപ്രീത് സിങ് സന്ധുവിന്റെയും ആഹ്ലാദം. Photo: FB@IndianFootballTeam

ഈ കണക്കുകൾ മാത്രമല്ല സന്തോഷിപ്പിക്കുന്നത്. ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇന്ത്യൻ ടീം കാഴ്ച വച്ച മനോഹര ഫുട്ബോൾ കൂടിയാണ്. പന്തു കിട്ടിയാൽ ഒത്താൽ ഒത്തു എന്ന രീതിയിൽ പകപ്പോടെ പെനൽറ്റി ബോക്സിലേക്കു നീട്ടിക്കൊടുക്കുന്ന ലോങ്ബോൾ ശൈലി അപ്പാടെ മാറിയിരിക്കുന്നു. ബോക്സിനു സമീപത്താണെങ്കിൽ പോലും ഒട്ടും തിടുക്കമില്ലാതെ കുറിയ പാസുകളിലൂടെ പന്തിനെ പരുവപ്പെടുത്തിയെടുത്ത് ഏറ്റവും ഗോൾ സാധ്യതയുള്ള സ്ഥലത്തെത്തിക്കുക എന്ന ആത്മവിശ്വാസം കോച്ച് ഇഗോർ സ്റ്റിമാച്ചിനു കീഴിൽ ഇന്ത്യൻ ടീം കൈവരിച്ചു കഴി‍ഞ്ഞു.

സാഫ് ഫൈനലിൽ കുവൈത്തിനെതിരെ നേടിയ സമനില ഗോൾ തന്നെ ഉദാഹരണം. ബോക്സിനു തൊട്ടുപുറത്ത് പന്തു തിരിച്ചു പിടിച്ച ആഷിഖ് കുരുണിയൻ അതു നേരെ ഛേത്രിക്കു നൽകുന്നു. ഛേത്രിയുടെ വൺ ടച്ച് പാസ് സഹൽ അബ്ദുൽ സമദിന്. ഗോൾമുഖത്തിന് തൊട്ടു മുന്നിലായിട്ടും സഹൽ ഷൂട്ട് ചെയ്തില്ല. അപ്പുറം പോസ്റ്റിലേക്ക് മനോഹരമായ ക്രോസ്. ചാങ്തെയുടെ മിന്നൽ വേഗത്തിലുള്ള ടാപ് ഇൻ. ഗോൾ!

മധുര മനോഹര മോഹം

കളി ഷൂട്ടൗട്ടിലേക്കു നീണ്ടാൽ ഒരു പെനൽറ്റി സേവ് ഉറപ്പ് എന്ന നിശ്ചയദാർഢ്യത്തോടെ കൈവിരിച്ചു നിന്ന ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു മുതൽ ഹൃദ്രോഗം മൂലം ഡോക്ടർമാർ വിലക്കിയിട്ടും നെഞ്ചുറപ്പോടെ ഫുട്ബോളിലേക്കു തിരിച്ചു വന്ന ഡിഫൻഡർ അൻവർ അലി വരെ ഇന്ത്യയുടെ വിജയത്തിന് അവകാശികളാണെങ്കിലും ദേശീയ ടീമിന്റെ ഈ കുതിപ്പിനു സമാന്തരമായി സഞ്ചരിച്ചൊരാൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ്. 

മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ മുന്നേറ്റം. Photo: FB@IndianFootballTeam
മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ മുന്നേറ്റം. Photo: FB@IndianFootballTeam

സാഫ് കപ്പിലെ ടോപ് സ്കോററും മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തിയെട്ടുകാരൻ ഛേത്രി കഴിഞ്ഞ 11 മത്സരങ്ങളിലായി നേടിയത് 9 ഗോളുകളാണ്. ടീം നേടിയതിന്റെ പകുതിയിലേറെ! സാഫ് കപ്പ് കൊണ്ട് ഇന്ത്യയുടെ ഈ ഓട്ടം തീരുന്നില്ല. സെപ്റ്റംബറിൽ തായ്‌ലൻഡിൽ കിങ്സ് കപ്പും ഒക്ടോബറിൽ മലേഷ്യയിൽ മേർദേക്ക ടൂർണമെന്റും വരാനിരിക്കുന്നു. ക്ലൈമാക്സ് ആയി അടുത്ത വർഷം ആദ്യം ഏഷ്യൻ കപ്പും. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവരുൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന എതിരാളികളെ മറികടന്ന് നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടിയാൽ അതു നൽകുന്ന പ്രചോദനം ചെറുതാവില്ല.

English Summary : Igor Stimac changed Indian football team's playing style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com