ADVERTISEMENT

മലപ്പുറം∙ നാട്ടിലെത്തിയാൽ ഫുട്ബോൾ പരിശീലിക്കാൻ ആവശ്യത്തിനു സൗകര്യമില്ലെന്ന ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന്റെ പരാതി പരിഗണിക്കുന്നുവെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. ആവശ്യമെങ്കിൽ ഗ്രൗണ്ടുകൾ വിട്ടുനൽകുന്നതിന് സർക്കുലർ ഇറക്കാൻ തയാറാണെന്നു മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ,  ഇവിടെ പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യം കൂടിയൊരുക്കണമെന്ന് ആഷിഖ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ആഷിഖും മന്ത്രി വി. അബ്ദുറഹിമാനും ഒരുമിച്ചു മാധ്യമങ്ങളെ കണ്ടത്. ‘‘താരങ്ങൾക്കു കളിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കും. ദേശീയ താരങ്ങൾക്ക് ഏതു സ്റ്റേഡിയത്തിലും എപ്പോള്‍ വേണമെങ്കിലും പരിശീലിക്കാമെന്നതാണ് സർക്കാരിന്റെ നയം.’’– മന്ത്രി പറഞ്ഞു. ഏറെക്കാലമായി നേരിട്ട പ്രശ്നങ്ങളാണു ചൂണ്ടിക്കാണിച്ചതെന്ന് ആഷിക് കുരുണിയനും മാധ്യമങ്ങളോടു പറഞ്ഞു.

മെസ്സി കേരളത്തിൽ കളിക്കാനെത്തുമെങ്കിൽ അതു സന്തോഷമാണെന്നും എന്നാൽ, അതിനായി വലിയ തുക മുടക്കേണ്ടതുണ്ടോ എന്നാണ് ആലോചിക്കേണ്ടതെന്നും ആഷിക് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ‘‘ആ തുക ഉപയോഗിച്ച് നല്ല മൈതാനങ്ങൾ നിർമിക്കാമല്ലോ. ഇത് മികച്ച താരങ്ങളെ സൃഷ്ടിക്കാൻ സഹായിക്കും. അതുവഴി ഇന്ത്യയ്ക്കു ലോകകപ്പ് കളിക്കാനുള്ള സാഹചര്യമൊരുക്കാം. ലോകകപ്പ് കളിച്ചാൽ ഏതു രാജ്യവും ഇന്ത്യയിൽ സൗജന്യമായി കളിക്കാനെത്തും.’’

‘‘ഒഡീഷയെയാണ് നമ്മൾ കണ്ടുപഠിക്കേണ്ടത്. വിദേശ രാജ്യങ്ങളിൽ കാണുന്നത് പോലെ ഒരു കോംപ്ലക്സിൽ തന്നെ 3 വലിയ മൈതാനങ്ങൾ. ഞാൻ കരിയറിന്റെ തുടക്കത്തിൽ സ്പെയിനിൽ കളിച്ചിട്ടുണ്ട്. അവിടെ എല്ലാ പ്രദേശങ്ങളിലും ഒരു ക്ലബ്ബും അവർക്കു സ്വന്തമായി ഒരു മൈതാനവുമുണ്ട്. കേരളത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്സിയുമുണ്ട്. ഈ രണ്ടു ക്ലബ്ബുകളുടെ അക്കാദമിയിൽ എത്ര പേർക്ക് കളിക്കാനാകും. പിന്നെയും ഒട്ടേറെ അക്കാദമികളുണ്ട്. എന്നാൽ, സ്വന്തമായി പൂർണ സജ്ജമായ മൈതാനം പലർക്കുമില്ല. മൈതാനം ലഭ്യമല്ലാത്തതിനാൽ ടർഫുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. എനിക്ക് 26 വയസ്സായി. പുതിയ തലമുറയ്ക്കെങ്കിലും സൗകര്യങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പറയുന്നത്.’’– ആഷിക് പ്രതികരിച്ചു.

English Summary: Minister V Abdurahiman support Ashique Kuruniyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com