രാജ്യത്തിനായി കളിച്ചു; എന്നിട്ടും റിനോയ്ക്കും അനസിനും ജോലിയില്ല!

Mail This Article
തൃശൂർ ∙ ലോകകപ്പോ ഒളിംപിക്സോ കളിച്ചില്ലെന്ന കാരണത്താൽ ഇന്ത്യൻ താരങ്ങളായ റിനോ ആന്റോയ്ക്കും അനസ് എടത്തൊടികയ്ക്കും സംസ്ഥാന സർക്കാർ വക ജോലിയില്ല! ഫുട്ബോൾ താരങ്ങൾക്ക് ജോലി നൽകുന്നതിനു സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിചിത്ര മാനദണ്ഡങ്ങളാണ് ഇരുവർക്കും പ്രതിബന്ധമാകുന്നതെന്നാണ് ആക്ഷേപം. 2015-2019 കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 250 പേർക്ക് സ്പോർട്സ് ക്വോട്ടയിൽ ജോലി നൽകുന്നതിനായി 2021ൽ പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് ഇപ്പോൾ ജോലി നടപടികൾ പുരോഗമിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ, ഒളിംപിക്സ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ ഏതിലെങ്കിലും ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നതാണ് ആദ്യ മാനദണ്ഡം. എന്നാൽ ലോകകപ്പ് യോഗ്യത, എഎഫ്സി കപ്പ് യോഗ്യത, ഇന്റർ കോണ്ടിനന്റൽ കപ്പ് എന്നിവയിലെല്ലാമാണ് ഇന്ത്യ ഇപ്പോൾ പ്രധാനമായും പങ്കെടുക്കുന്നത്. മേൽപറഞ്ഞ കാലയളവിൽ ഈ ടൂർണമെന്റുകളിൽ കേരളത്തിൽ നിന്ന് കളിച്ചത് ഇവർ രണ്ടു പേരും മാത്രമാണ്. എന്നിട്ടും തഴയപ്പെടുകയാണെന്നാണ് ആക്ഷേപം.
മാനദണ്ഡങ്ങളുടെ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നത് സംസ്ഥാന സ്പോർട്സ് കൗൺസിലല്ല. ജോലി മാനദണ്ഡം പരിഷ്കരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.– യു.ഷറഫലി (പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ)
English Summary: Job for Anas Edathodika, Rino Anto; Decision Pending over Criteria