കാലിൽ റൊണാൾഡോയുടെ ടാറ്റൂ; ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന് അർജന്റീന സ്ട്രൈക്കർ

Mail This Article
ബ്യൂനസ് ഐറിസ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം കാലിൽ ടാറ്റു ചെയ്ത് അർജന്റീന വനിതാ ഫുട്ബോൾ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകൾ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രവുമാണ് യാമില ടാറ്റൂ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ യാമിലയുടെ ചിത്രങ്ങൾ വൈറലായതോടെ വിശദീകരണവുമായി അർജന്റീന താരം തന്നെ രംഗത്തെത്തി.
‘‘ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു സംശയമില്ലാതെ പറയാം. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര പെർഫെക്ട് ആകുന്നതെന്നാണ് എനിക്കു തോന്നുന്നത്. റൊണാൾഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.’’– യാമില ഒരു അര്‍ജന്റീന മാധ്യമത്തോടു പറഞ്ഞു.
അർജന്റീന വനിതാ ടീമിലെ സ്ട്രൈക്കറാണ് യാമില റോഡ്രിഗസ്. പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ ചിത്രവും അർജന്റീന താരം ടാറ്റൂ ചെയ്തിട്ടുണ്ട്. ബ്രസീലിയൻ ലീഗിൽ എസ്ഇ പാൽമെരാസിന്റെ താരം കൂടിയാണ് 25 വയസ്സുകാരിയായ യാമില.
English Summary: Argentina women’s team striker explains her Cristiano Ronaldo tattoo