അൽ ഹിലാലിന്റെ കോടികൾ വേണ്ട; ചർച്ചയ്ക്കു കൂട്ടാക്കാതെ കിലിയൻ എംബപെ
Mail This Article
പാരിസ്∙ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബപെയെ ടീമിലെത്തിക്കാനുള്ള സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലിന്റെ ശ്രമങ്ങള്‍ക്കു വൻ തിരിച്ചടി. മോഹിപ്പിക്കുന്ന ഓഫര്‍ മുന്നോട്ടുവച്ചിട്ടും അൽ ഹിലാലിന്റെ ഉദ്യോഗസ്ഥരെ കാണാൻ പോലും എംബപെ കൂട്ടാക്കിയില്ലെന്നാണു പുറത്തുവരുന്ന വിവരം. എംബപെയുമായി ചർച്ച നടത്താൻ അൽ ഹിലാൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാരിസിലെത്തിയിരുന്നു. എന്നാൽ ഇവരോട് ഒരു ചർച്ചയ്ക്കുമില്ലെന്ന് എംബപെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വർഷം 70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം അൽ ഹിലാൽ എംബപെയ്ക്ക് ഓഫർ ചെയ്തിരുന്നു. പിഎസ്ജി ഇത് അംഗീകരിച്ചതോടെ ഫ്രഞ്ച് ടീം ക്യാപ്റ്റനുമായി ചർച്ച നടത്താൻ അൽ ഹിലാല്‍ ശ്രമിക്കുകയായിരുന്നു. എംബപെ സൗദി ഓഫര്‍ സ്വീകരിച്ചിരുന്നെങ്കിൽ 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാൻസ്ഫർ ഫീ പിഎസ്ജിക്കു ലഭിക്കുമായിരുന്നു. ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാർ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്.
അടുത്ത വർഷം കരാർ കാലാവധി തീർന്നാലുടൻ താൻ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ചിരുന്നു. പോവുകയാണെങ്കിൽ ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു പറഞ്ഞത്. കരാർ കാലാവധി തീർന്നതിനു ശേഷം ഫ്രീ എജന്റായി പോവുകയാണെങ്കിൽ വൻതുക ട്രാൻസ്ഫർ ഫീ ക്ലബ്ബിനു കിട്ടില്ല എന്നതാണ് കാരണം.
എംബപെ ഇല്ലാതെ പിഎസ്ജി ടീം പ്രീ സീസൺ പര്യടനത്തിനു പോയതോടെ ഭിന്നിപ്പ് പരസ്യമായി. അടുത്ത വർഷം കരാർ കാലാവധി തീർന്നശേഷം താൻ വരാം എന്ന് എംബപെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി ധാരണയിലെത്തിയതായി വാർത്തകളുണ്ടായിരുന്നു. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കായി അൽ ഹിലാൽ നേരത്തേ ശ്രമിച്ചിരുന്നു. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ് അൽ നസറിലാണ് ഇപ്പോൾ കളിക്കുന്നത്.
English Summary: Mbappe refuses to talk to Al Hilal over 300 million move