ADVERTISEMENT

മെൽബൺ ∙ വനിതാ ലോകകപ്പ് ഫുട്ബോളിലെ വമ്പൻ അട്ടിമറിയിൽ നാലു തവണ ചാംപ്യൻമാരായ യുഎസിനെ വീഴ്ത്തി സ്വീഡൻ ക്വാർട്ടറിൽ കടന്നു. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പ്രീക്വാർട്ടർ മത്സരത്തിൽ 5–4നാണ് സ്വീഡന്റെ ജയം. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോൾരഹിത സമനിലയായിരുന്നു. 

ഇതാദ്യമായിട്ടാണ് യുഎസ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ തന്നെ പുറത്താകുന്നത്. മൂന്നു തവണ മൂന്നാം സ്ഥാനക്കാരായതാണ് ഇതിനു മുൻപുള്ള അവരുടെ ‘മോശം പ്രകടനം’. മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 2–0നു തോൽപിച്ച് നെതർലൻഡ്സും അവസാന എട്ടിലെത്തി. ക്വാർട്ടറിൽ സ്വീഡൻ ജപ്പാനെയും നെതർലൻഡ്സ് സ്പെയിനെയും നേരിടും.

സ്വീഡനെതിരെ നിശ്ചിത സമയത്തും അധികസമയത്തും യുഎസ് ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങ് പിഴവുകളും നിർഭാഗ്യവും തിരിച്ചടിയായി. 22 ഷോട്ടുകളാണ് യുഎസ് മത്സരത്തിൽ പായിച്ചത്. അതിൽ പതിനൊന്നും ലക്ഷ്യത്തിലേക്ക്. എന്നാൽ ഗോൾമുഖത്ത് മതിലു പോലെ നിന്ന കീപ്പർ സെസിറ മുസോവിച് സ്വീഡനെ കാത്തു. പെനൽറ്റി ഷൂട്ടൗട്ടിൽ ആദ്യ 5 കിക്കുകൾക്കു ശേഷവും സ്കോർ 3–3 എന്ന നിലയിൽ തുല്യമായതോടെ കളി സഡൻ ഡെത്തിലേക്ക്. 

യുഎസിനു വേണ്ടി 7–ാം കിക്കെടുത്ത കെല്ലി ഒഹാര കിക്ക് നഷ്ടപ്പെടുത്തിയതോടെ സ്വീഡന് ആനുകൂല്യം. സ്വീഡന്റെ ലിന ഹർട്ടിഗിന്റെ കിക്ക് യുഎസ് ഗോൾകീപ്പർ അലിസ നെയർ തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. പന്ത് ഗോൾലൈൻ കടന്നെന്ന് വിഎആർ വിധിച്ചതോടെ സ്വീഡന് വിജയാഘോഷം.സിഡ്‌നിയിൽ 9–ാം മിനിറ്റിൽ ജിൽ റൂഡും 68–ാം മിനിറ്റിൽ ലിനെത് ബീരെൻസ്റ്റെയ്നും നേടിയ ഗോളുകളാണ് നെതർലൻഡ്സിന് വിജയം സമ്മാനിച്ചത്. 

റപീനോ വിരമിച്ചു

വനിതാ ഫുട്ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ യുഎസ് താരം മേഗൻ റപീനോയ്ക്ക് രാജ്യാന്തര ഫുട്ബോളിൽ നിന്ന് കണ്ണീർ മടക്കം. ഈ ലോകകപ്പോടെ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച മുപ്പത്തിയെട്ടുകാരി റപീനോ ഇന്നലെ സ്വീഡനെതിരെ രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായിട്ടാണ് ഇറങ്ങിയത്. ഷൂട്ടൗട്ടിൽ റപീനോ തന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ നഷ്ടപ്പെടുത്തിയത് ആരാധകർക്ക് വലിയ നിരാശയായി. 2019ൽ യുഎസ് ലോകകപ്പ് നേടിയപ്പോൾ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും നേടിയത് റപീനോയാണ്. 

English Summary: Sweden defeated the US in Women's World Cup 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com