പിഎസ്ജിയിൽ താൽപര്യമില്ലെന്ന് നെയ്മാർ; ‘മെസ്സിക്കൊപ്പം’ പോകുമോ? വലയെറിഞ്ഞ് ടീമുകള്‍
Mail This Article
പാരിസ്∙ ബ്രസീൽ സൂപ്പർ താരം നെയ്മാർ യുഎസ് മേജർ ലീഗ് സോക്കറിലേക്കു കൂടുമാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലയണൽ മെസ്സി പിഎസ്ജി വിട്ടതിനു പിന്നാലെ ടീമിൽ തുടരാൻ താൽപര്യമില്ലെന്ന് നെയ്മാർ ക്ലബ്ബിനെ അറിയിച്ചതായാണു വിവരം. ഫ്രഞ്ച് യുവതാരം കിലിയൻ എംബപെയും ഇപ്പോൾ പിഎസ്ജിക്കൊപ്പമില്ല. എംബപെ പിഎസ്ജിയിൽനിന്ന് ഔദ്യോഗികമായി പുറത്തായിട്ടില്ലെങ്കിലും, ഒറ്റയ്ക്കാണു പരിശീലനം നടത്തുന്നത്. എംബപെയുടെ ജഴ്സി വിൽപന നടത്തുന്നത് പിഎസ്ജി നിർത്തിവച്ചിട്ടുമുണ്ട്.
പിഎസ്‍ജി വിട്ട് നെയ്മാർ പഴയ ക്ലബ്ബ് ബാർസിലോനയിൽ ചേരുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ബ്രസീൽ താരത്തെ സ്വന്തമാക്കാൻ യുഎസ് മേജർ ലീഗ് സോക്കർ ടീമുകൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലൊസാഞ്ചലസ് എഫ്സി നെയ്മാറെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എവിടെ കളിക്കണമെന്ന കാര്യത്തിൽ നെയ്മാർ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ആവശ്യമെങ്കിൽ നെയ്മാറെ വിൽക്കാൻ പിഎസ്ജി തയാറാണ്. വൻ തുകയാണു സൂപ്പർ താരത്തിലൂടെ പിഎസ്ജി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഏതാനും ക്ലബ്ബുകളും നെയ്മാറിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.
English Summary: Neymar to join Lionel Messi in MLS?