കുടുംബത്തെ ‘അടുപ്പിക്കാതെ’ റൊണാൾഡോയും ജോർജിനയും? പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല
Mail This Article
റിയാദ്∙ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും, റൊണാൾഡോയുടെ കുടുംബാംഗങ്ങളെ അകറ്റിനിർത്താൻ ശ്രമിക്കുന്നതായി പരാതി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബന്ധുക്കൾ തന്നെ താരത്തിനെതിരെ പരിഭവവുമായി രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിലെ പരിപാടികളിലൊന്നും റൊണാൾഡോയും പങ്കാളി ജോർജിനയും ഇവരുടെ മക്കളും പങ്കെടുക്കുന്നില്ലെന്നാണ് സൂപ്പർ താരത്തിന്റെ കുടുംബത്തിന്റെ പരാതി. ജോർജിനയുമായി റൊണാൾഡോയുടെ കുടുംബാംഗങ്ങൾക്കുള്ള പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നു ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റൊണാൾഡോയെ മരുമകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും ആരും പരിപാടിക്കു വരുന്ന കാര്യം കുടുംബത്തെ അറിയിച്ചിട്ടില്ല. റൊണാൾഡോയുടെ സഹോദരി കാതിയ അവെയ്റോ ബ്രസീലിൽനിന്ന് പോർച്ചുഗലിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. കാതിയയുടെ മകൾ വലെന്റിനയുടെ മാമോദീസ ഓഗസ്റ്റ് 27നാണ്. സൗദി പ്രോ ലീഗിൽ അൽ നസ്ർ ക്ലബ്ബിലാണ് റൊണാൾഡോ കളിക്കുന്നത്. ലീഗ് മത്സരങ്ങൾ തുടങ്ങിയതിനാൽ റൊണാൾഡോയ്ക്കു സൗദി അറേബ്യ വിട്ടുപോകുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും. എന്നാൽ ജോർജിനയും റൊണാൾഡോയുടെ മക്കളും പരിപാടിക്കായി പോർച്ചുഗലിലേക്കു പോകുന്നില്ല.
അടുത്ത കാലത്തായി റൊണാൾഡോയുടെ കുടുംബം പല തവണ താരവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, പ്രതികരണം അനുകൂലമല്ലെന്നാണു റിപ്പോർട്ടുകൾ. ‘‘റൊണാൾഡോ ചടങ്ങിന് എത്തില്ല. അദ്ദേഹം സൗദി അറേബ്യയിലാണു കളിക്കുന്നത്. അത് അത്ര അടുത്തൊന്നുമല്ല. അദ്ദേഹത്തിന് സ്വന്തമായി വിമാനമുണ്ടെങ്കിലും ആ തീയതികളിൽ ഇവിടെയെത്തുന്നത് എളുപ്പമൊന്നുമല്ല.’’– റൊണാൾഡോയുടെ മൂത്ത സഹോദരൻ ഹ്യൂഗോ അവെയ്റോ പോർച്ചുഗലിലെ പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.
English Summary: Cristiano Ronaldo and Georgina Rodriguez distance themselves from player’s family