റൊണാൾഡോ സൗദി ലീഗിലെത്തിയപ്പോൾ പലരും കളിയാക്കി, ഈ മാറ്റത്തിനു കാരണം അദ്ദേഹം: നെയ്മാർ
Mail This Article
റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിലെ മാറ്റത്തിനു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും റൊണാൾഡോയുടെ പാത പിന്തുടർന്നാണ് സൗദി ലീഗിൽ എത്തിയതെന്നും നെയ്മാർ. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നു ബ്രസീൽ താരം സൗദി ക്ലബ് അൽ ഹിലാലിലെത്തിയത്. രണ്ടു വർഷത്തേക്കാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുമായി മുപ്പത്തിയൊന്നുകാരനായ നെയ്മാറിന്റെ കരാർ.
ക്രിസ്റ്റ്യാനോയാണ് ഇതെല്ലാം തുടങ്ങിവച്ചത്. അദ്ദേഹം സൗദിയിലേക്കു പോകാൻ തീരുമാനിച്ചപ്പോൾ പലരും ആ തീരുമാനത്തെ കളിയാക്കി. എന്നാൽ ഇന്നത്തെ സ്ഥിതി നോക്കൂ. സൗദി ലീഗ് എത്രമാത്രം വളർന്നുകഴിഞ്ഞു.
ക്രിസ്റ്റ്യാനോ, കരിം ബെൻസേമ, റോബർട്ടോ ഫിർമിനോ തുടങ്ങി എത്രയെത്ര സൂപ്പർ താരങ്ങളാണ് സൗദിയിലെത്തിയത്. ഇവർക്കെല്ലാം എതിരെ കളിക്കാൻ സാധിക്കുമെന്നത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു– നെയ്മാർ പറഞ്ഞു.
25 മുറിയുള്ള ബംഗ്ലാവ്, 8 ആഡംബര കാർ !
ഔദ്യോഗിക പ്രതിഫലമായ 16 കോടി യൂറോയ്ക്ക് (ഏകദേശം 1450 കോടി രൂപ) പുറമേ, സൗദിയിൽ നെയ്മാറെ കാത്തിരിക്കുന്നത് 25 മുറിയുള്ള ബംഗ്ലാവും 8 ആഡംബര കാറുകളും. തനിക്കും കുടുംബത്തിനും കൂട്ടുകാർക്കുമായി 8 ആഡംബര കാറുകൾ നൽകണമെന്ന് അൽ ഹിലാൽ മാനേജ്മെന്റിനോട് നെയ്മാർ ആവശ്യപ്പെട്ടതായും ആവശ്യം ക്ലബ് അംഗീകരിച്ചതായുമാണ് റിപ്പോർട്ടുകൾ.
സ്വിമ്മിങ് പൂൾ അടങ്ങിയ 25 മുറികളുള്ള വീടാണ് നെയ്മാർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു ബ്രസീലിയൻ കുക്കിനെ നിയമിക്കണമെന്ന് നെയ്മാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
English Summary : Neymar says thanks to Cristiano Ronaldo