വമ്പൻമാർ വന്നു, സൗദി ടീമുകൾക്ക് ഇനി ചാംപ്യൻസ് ലീഗ് കളിക്കണം; ഞെട്ടിക്കാന്‍ പ്രോ ലീഗ്
Mail This Article
റിയാദ്∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളെ ടീമുകളിലെത്തിച്ചതിനു പിന്നാലെ അടുത്ത നീക്കവുമായി ഞെട്ടിക്കാൻ സൗദി പ്രോ ലീഗ്. സൗദി ടീമുകളെ യുവേഫ ചാംപ്യൻസ് ലീഗിൽ കളിപ്പിക്കുകയെന്നതാണ് പ്രോ ലീഗ് അധികൃതരുടെ അടുത്ത ദൗത്യം. പ്രോ ലീഗ് വിജയികളെ ചാംപ്യൻസ് ലീഗ് കളിപ്പിക്കണമെന്നാണ് അഭ്യർഥന. ‘വൈൽഡ് കാർഡ് എൻട്രി’ വഴി ഇതു സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സൗദി പ്രോ ലീഗ് അധികൃതര്‍.
പറ്റുമെങ്കിൽ 2024–25 സീസൺ ചാംപ്യൻസ് ലീഗിൽ തന്നെ സൗദി ക്ലബ്ബുകളെ ഇറക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ യുവേഫ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. ചാംപ്യൻസ് ലീഗ് നടത്തിപ്പിലെ നിലവിലെ രീതി പൊളിച്ച്, ആകെ 36 ടീമുകൾ പങ്കെടുക്കുന്ന പോലെ ലീഗ് പരിഷ്കരിക്കണം. ഓരോ ടീമുകൾക്കും നോക്കൗട്ടിനു മുൻപ് എട്ട് കളികൾ ലഭിക്കുന്ന പോലെ മാറ്റം കൊണ്ടുവന്നാൽ ഇതിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാമെന്ന് പ്രോ ലീഗ് പ്രതിനിധികൾ യുവേഫയെ ഉപദേശിച്ചു.
സൗദിയുടെ ആവശ്യം യുവേഫ അംഗീകരിച്ചാൽ ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മാർ, കരീം ബെൻസേമ തുടങ്ങിയവർക്കു വീണ്ടും ചാംപ്യൻസ് ലീഗ് കളിക്കാനുള്ള വഴിയൊരുങ്ങും. നെയ്മാറിന്റെ വരവോടെ പണക്കരുത്തിൽ സ്പാനിഷ് ലാ ലിഗയെ സൗദി പ്രോ ലീഗ് മറികടന്നിരുന്നു. അൽ ഹിലാൽ ടീമിലാണ് നെയ്മാർ പുതിയ സീസണിൽ കളിക്കുന്നത്.
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ക്ലബ്ബിന്റെ താരമാണ്. സെനഗൽ താരം സാദിയോ മാനെയും അടുത്തിടെ അൽ നസ്റിന്റെ ഭാഗമായിരുന്നു. ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, എൻഗോളോ കാന്റെ എന്നിവർ അൽ ഇത്തിഹാദ് ക്ലബ്ബിലാണ് ഇപ്പോൾ കളിക്കുന്നത്.
English Summary: Saudi Arabia want a team in the Champions League