ADVERTISEMENT

മഡ്രിഡ് ∙ വനിതാ ലോകകപ്പ് മെഡൽ സമ്മാനച്ചടങ്ങിൽ സ്പെയിൻ താരങ്ങളെ കെട്ടിപ്പിടിച്ച് ചുംബിച്ച സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസിനെതിരെ കടുത്ത വിമർശനം. മെഡൽ സ്വീകരിക്കാനെത്തിയ സ്പെയിൻ താരങ്ങളെ ഓരോരുത്തരെയായാണ് റുബിയാലസ് ആവേശഭരിതനായി ചുംബിച്ചത്. 

ടീമിലെ പ്രധാനതാരങ്ങളിലൊരാളായ ജെന്നിഫർ ഹെർമോസെയെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതാണ് കൂടുതൽ വിവാദമായത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, സ്പെയിൻ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവർ നോക്കിനിൽക്കുമ്പോഴായിരുന്നു റുബിയാലസിന്റെ ആവേശപ്രകടനം. സ്പെയിനിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ റുബിയാലസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വിജയാഹ്ലാദത്തിലുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തന്റേതെന്ന് റുബിയാലസ് ആദ്യം ന്യായീകരിച്ചെങ്കിലും പിന്നീട് സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞു. 

നാൽപത്തഞ്ചുകാരനായ റുബിയാലസ് വിവാദത്തിൽപ്പെടുന്നത് ആദ്യമായിട്ടല്ല. ലോകകപ്പിനു മുൻപ് കോച്ച് ഹോർഹെ വിൽഡയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് 15 കളിക്കാർ നൽകിയ ഇ മെയിൽ ആവശ്യം നിരാകരിച്ച റുബിയാലസ് വിൽഡയെ നിരുപാധികം തുടരാൻ അനുവദിച്ചതും വിമർശനവിധേയമായിരുന്നു. ആവശ്യം ഉന്നയിച്ച കളിക്കാരിൽ 12 പേരെയും ടീമിനു പുറത്തിരുത്തിയാണ് സ്പെയിൻ ഇത്തവണ ലോകകപ്പിനു വന്നത്.

English Summary: Controversy arises after Spanish football president kissed Women World Cup stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com