ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലേക്കു ലയണൽ മെസ്സി വരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ലെങ്കിലും ഫുട്ബോൾ മത്സരത്തിനായി ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പായി. എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സിയോട് ഏറ്റുമുട്ടാനാണ് പുതിയ ക്ലബ്ബായ അൽ ഹിലാലിനൊപ്പം നെയ്മാർ ഇന്ത്യയിലേക്ക് എത്തുന്നത്. ഹോം ആൻഡ് എവേ ഫോർമാറ്റിലാണ് ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്.

അതിനാൽ മുംബൈ സിറ്റിയുടെ ഫോം മത്സരത്തിനായി അൽ ഹിലാലിന് പുണെയിലേക്ക് വരേണ്ടിവരും. ഇറാനിയൻ ക്ലബ് എഫ്സി നസാജി മേസൻഡറൻ, ഉസ്ബക്കിസ്ഥാൻ ക്ലബ് നാവഭോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അൽ ഹിലാലും മുംബൈ സിറ്റിയും. സെപ്റ്റംബർ 19നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. അടുത്ത വർഷം മേയ് 11, 18 തീയതികളിൽ ഇരു പാദങ്ങളായാണ് ഫൈനൽ. മത്സരക്രമം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. അതേസമയം പരുക്കുമൂലം വിശ്രമത്തിൽ തുടരുന്ന നെയ്മാർ, ഇതുവരെ അൽ ഹിലാൽ ജഴ്സിയിൽ ഗ്രൗണ്ടിൽ ഇറങ്ങിയിട്ടില്ല. അതിനാൽ ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ നെയ്മാറുടെ സാന്നിധ്യം സംശയമാണ്.

ഈ മാസം ആദ്യമാണ് നെയ്മാർ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് സൗദി ക്ലബ്ബായ അൽ ഹിലാലിൽ എത്തുന്നത്. 2022–23 സൗദി പ്രൊ ലീഗ് സീസണിൽ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് എഎഫ്സി ചാംപ്യൻസ് ലീഗ് കളിക്കാൻ അൽ ഹിലാലിന് അവസരം ലഭിച്ചത്. 9 തവണ ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ച സൗദി ക്ലബ് 4 തവണ കിരീടം നേടിയിട്ടുണ്ട്. 

ലീഗ് ഷീൽഡ് ജേതാക്കളായതോടെയാണ് മുംബൈ സിറ്റിക്ക് ചാംപ്യൻസ് ലീഗിന് അവസരം ലഭിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റും ഇത്തവണ എഎഫ്സി ചാംപ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്.

English Summary: Neymar to play in India against Mumbai City FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com