ADVERTISEMENT

പത്തനാപുരം (കൊല്ലം) ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനായി ഗോളുകൾ കൊണ്ടു പൊന്നോണം തീർത്ത പത്തനാപുരം മഞ്ചള്ളൂർ പൂവണ്ണുംവിള വീട്ടിൽ എസ്.വിനോദ് കുമാറിന്റെ ജീവിതത്തിനു പ്രതിരോധം തീർക്കുന്നത് പ്രാരബ്ധങ്ങൾ. സന്തോഷ് ട്രോഫി താരങ്ങൾക്കു സർക്കാർ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെയാണ് വിനോദിന്റെ പേര് വീണ്ടും ഉയർന്നുവന്നത്. 

വിനോദിനു ജോലി നൽകണമെന്ന് ആവശ്യപ്പെട്ടത് മുൻ ഇന്ത്യൻ താരവും സ്പോർട്സ് കൗൺസിൽ അംഗവുമായ സി.കെ.വിനീത്. വിനോദ് എവിടെ എന്ന് നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. പരുക്കും പ്രശ്നങ്ങളും കാരണം ഫുട്ബോൾ ഉപേക്ഷിക്കേണ്ടി വന്ന വിനോദ്കുമാർ പത്തനാപുരത്ത് ഒരു പലചരക്കുകടയിൽ സഹായിയായി ജോലി ചെയ്യുകയാണ്! ശക്തമായൊരു മഴ പെയ്താൽ ഇടി‍‍‌ഞ്ഞു വീണേക്കാവുന്ന വീട്ടിലാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം വിനോദിന്റെ ജീവിതം.  

2011ൽ അസമിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിലാണ് വിനോദ് കേരളത്തിനായി കളിച്ചത്. ആ ടൂർണമെന്റിൽ ഒട്ടേറെ ഗോളുകൾ വിനോദിന്റേതായി പിറന്നു. മണിപ്പുരിനെതിരായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലും ഗോളടിച്ചു.  

s-vinod-football
വിനോദ്കുമാർ. (ഫയൽ )

സന്തോഷ് ട്രോഫി പരിശീലന ക്യാംപിനിടെ ഇടതു കാൽമുട്ടിന്റെ ലിഗമെന്റിനു പരുക്കേറ്റതാണു തിരിച്ചടിയായത്. ശസ്ത്രക്രിയയ്ക്കു പണമില്ലാത്തതിനാൽ പരുക്ക് അവഗണിച്ചും മറച്ചുവച്ചുമൊക്കെ കളിച്ചു. വേദന കൂടിയതോടെ കളിക്കാൻ പ്രയാസമായി. ഫുട്ബോളില്ലാതെ തനിക്കു ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ ജീവിതം അവസാനിപ്പിക്കാൻ പലവട്ടം ആലോചിച്ചു. ഭാര്യ രാജിയും മകൾ അതുല്യയും നൽകിയ ഊർജത്തിൽ ജീവിതം തിരിച്ചുപിടിച്ചു. 

ഇതിനിടെ, കെ.ബി. ഗണേഷ്കുമാർ കായിക മന്ത്രിയായിക്കുമ്പോൾ വിനോദിനു സർക്കാർ ജോലി ലഭ്യമാക്കുവാൻ നാട്ടുകാർ ശ്രമം നടത്തി; പക്ഷേ, അതും പാതിവഴിയിൽ നിലച്ചു. 

‘മഴ ശക്തമായാൽ മകളെ മാറോടണച്ച് ഭാര്യയും ഞാനും കസേരയ്ക്ക് മുകളിൽ കയറിയിരിക്കും’ – വിനോദ് പറയുന്നു. വീടിനു വേണ്ടി നൽകിയ അപേക്ഷകളിലൊന്നിലും തീരുമാനമായില്ല. ഒപ്പം കളിച്ചവരെല്ലാം നല്ല നിലയിൽ എത്തിയപ്പോഴും താനെങ്ങനെ അവഗണനയിൽ വീണുപോയെന്നതിന് ഈ തിരുവോണ ദിവസവും വിനോദിന് ഉത്തരമില്ല.

 

 

English Summary: Santhosh trophy player S.Vinod need government job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com