ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരനിരയിലെ ആറാമൻ ജപ്പാനിൽ നിന്ന്. ഇരുപത്താറുകാരനായ റൈറ്റ് വിങ്ങർ ഡെയ്സൂക്ക് സകായ് ആറാം വിദേശ സാന്നിധ്യമായി ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബ് ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം അടഞ്ഞിട്ടും വിദേശതാരനിരയിലെ ആറാമൻ ആരെന്ന് ആരാധകർ ചോദിച്ചു തുടങ്ങിയതോടെയാണു ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. പരുക്കേറ്റു മടങ്ങിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോയ്ക്ക് പകരക്കാരനായാണു ഡെയ്സൂക്ക് സകായ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുക.

ഏഷ്യൻ ക്വാട്ടയിലേക്ക് ഓസ്ട്രേലിയയിൽ നിന്നുതന്നെയൊരു താരത്തെയാണു ടീം നേരത്തേ നോട്ടമിട്ടിരുന്നത്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ സതാംപ്ടനു വേണ്ടി കളിച്ചിട്ടുള്ള ഓസീസ് യുവതാരം കാലെബ് വാട്സിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയിരുന്നു. വാട്സിനു പകരം പരിഗണിച്ച താരമാണു ഡെയ്സൂക്ക് സകായ്. തായ്‌ലൻഡ് ലീഗിലെ കസ്റ്റംസ് യുണൈറ്റഡ് ക്ലബിനു വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച സകായ് ഫ്രീ ട്രാൻസ്ഫറായാണു ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ലെഫ്റ്റ് വിങ്ങർ റോളിലും അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലും ഇറക്കാവുന്ന താരമാണ് സകായ്. ജപ്പാന്റെ അണ്ടർ 21 ടീമിന്റെ ഭാഗമായിട്ടുള്ള താരം ജപ്പാനിലെ മൂന്നാം ഡിവിഷൻ ലീഗിലാണു കരിയറിലെ പ്രധാന പങ്കും കളിച്ചത്. ക്ലബ് ഫുട്ബോളിൽ 149 മത്സരങ്ങളിൽ നിന്നായി 24 ഗോളുകളും 10 അസിസ്റ്റുകളുമാണ് 1.67 മീറ്റർ ഉയരക്കാരനായ താരത്തിന്റെ സമ്പാദ്യം.

ക്ലബ് ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം അവസാനിച്ചു രണ്ടാം ദിവസമാണു ബ്ലാസ്റ്റേഴ്സ് ഏഷ്യൻ താരത്തെ പ്രഖ്യാപിച്ചത്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ഒരു ഇന്ത്യൻ താരത്തെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് നാലു പേരെ ലോണിന് അയച്ചു. ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയൽസിലുണ്ടായിരുന്ന നൈജീരിയൻ യുവ സ്ട്രൈക്കർ ഇമ്മാനുവൽ ജസ്റ്റിനെയും മലയാളി ലെഫ്റ്റ് ബാക്ക് മുഹമ്മദ് സഹീഫിനെയും ഐലീഗിലെ കേരള ക്ലബ് ഗോകുലം കേരളയാണു സ്വന്തമാക്കിയത്.

കഴിഞ്ഞ ഐഎസ്എലിൽ ടീമിനു വേണ്ടി കളത്തിലിറങ്ങിയ മിഡ്ഫീൽഡർ ഗിവ്‌സൺ സിങ്ങിനെ ഒഡീഷ എഫ്സിയാണു സ്വന്തമാക്കിയത്. മലയാളി പ്രതിരോധതാരം വി.ബിജോയ് അടുത്തിടെ രൂപീകരിച്ച ഇന്റർ കാശി എഫ്സിയുടെ ഭാഗമാകും. എന്നാൽ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഏറെ അഭ്യൂഹങ്ങളുണ്ടായിരുന്ന ഫോർവേഡ് ബിദ്യാസാഗർ സിങ്ങിനെ ടീം നിലനിർത്തുകയും ചെയ്തു. സൂപ്പർ ലീഗിലെ പുതിയ ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സി ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഡ്യുറാൻഡ് കപ്പിൽ ഹാട്രിക് ഗോൾ നേട്ടം കുറിച്ച യുവതാരത്തിനായി രംഗത്തു വന്നിരുന്നു. ടീമിലെ മുഖ്യ സ്ട്രൈക്കർ കൂടിയായ വിദേശ താരം ദിമിത്രിയോസ് ഡയമന്റകോസ് പരുക്കു മൂലം ടീമിനൊപ്പം ചേരാൻ വൈകുന്ന സാഹചര്യത്തിലാണു ബിദ്യാസാഗറിന്റെ ‘വിറ്റഴിക്കലിൽ’ നിന്നു ബ്ലാസ്റ്റേഴ്സ് പിൻവാങ്ങിയത്. പരിശീലനത്തിനിടെയുണ്ടായ പരിക്കിൽ നിന്നു മോചിതനാകാത്ത ഡയമന്റകോസ് ജന്മനാടായ ഗ്രീസിലേക്കു മടങ്ങിയതോടെയാണ് ആക്രമണ നിരയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരുതലെടുത്തത്.

English Summary: Kerala Blasters FC complete signing of Daisuke Sakai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com