ADVERTISEMENT

‘ഡ്യുറാൻഡ് ആരെടുക്കുമെന്നു പറയാൻ ഞാനില്ല. പക്ഷേ, നല്ല കടുകട്ടി പോരാട്ടം ഉറപ്പ്’– മുൻ ഇന്ത്യൻ നായകൻ ഐ.എം.വിജയൻ ഇന്നത്തെ ഫൈനലിൽ പക്ഷം ചേരാനില്ല. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും മുൻ താരമായ, ബംഗാളി ഫുട്ബോൾ ആരാധകർ ‘വിജയ് ദാ’ എന്നു സ്നേഹത്തോടെ വിളിക്കുന്ന വിജയൻ മലയാള മനോരമയ്ക്കു വേണ്ടി ഡ്യുറാൻഡ് കപ്പ് ഫുട്ബോള്‌ ഫൈനലിന്റെ ആവേശം വരച്ചിടുന്നു.

കളത്തിലിറങ്ങുന്നത് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമാണ്. കളി കൊൽക്കത്തയിലുമാണ്. രണ്ടും നല്ല കിടു സ്ക്വാഡുകൾ. നല്ല ഫോമിലുമാണ്. തുല്യശക്തികളായ ടീമുകൾ ഏറ്റുമുട്ടുന്ന ഏതൊരു ഫുട്ബോൾ പോരാട്ടവും കടുകട്ടിയാകുമല്ലോ. പക്ഷേ, ഇത് ‘അതുക്കും മേലെ’ വരും. കൊൽക്കത്ത ഡാർബിക്കൊരു പ്രത്യേകതയുണ്ട്. കളിക്കാനിറങ്ങുന്നവർക്കും കാണാനിരിക്കുന്നവർക്കും തോൽവി സഹിക്കാനാകില്ല. ഒരുവശത്തു ബഗാന്റെയും മറുവശത്ത് ഈസ്റ്റ് ബംഗാളിന്റെയും കൊടിയും വീശി പതിനായിരങ്ങൾ തിളച്ചുനിൽക്കുമ്പോൾ സോൾട്ട് ലേക്കിലെ കളത്തിൽ തീക്കളി വരും.

ഫൈനലിന്റെ രസച്ചരട്

ഡ്യുറാൻഡിന്റെ തുടക്കത്തിലും ഇരുടീമുകളും തമ്മിൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാളിനായിരുന്നു അതിൽ ജയം (1–0). ആ ജയം സ്വാഭാവികമായും അവർക്ക് ആത്മവിശ്വാസം നൽകും. മറുവശത്ത് ബഗാനും അതു തകർത്തു കളിക്കാനുള്ളൊരു വെടിമരുന്നാണ്. ആ തോൽവിക്കു അവർക്കു പകരം വീട്ടേണ്ടതില്ലേ? ഡാർബിയിൽ തുടരെ രണ്ടു തോൽവി, അതു കൊൽക്കത്ത ടീമിനു താങ്ങാവുന്ന ഒന്നല്ല. കണക്കു തീർക്കാൻ ബഗാനും കണക്കുകൂട്ടൽ തെറ്റാതിരിക്കാൻ ഈസ്റ്റ് ബംഗാളും ഏതറ്റം വരെയും പോകുമെന്നതാണ് ഇന്നത്തെ കലാശക്കൊട്ടിന്റെ ഹൈലൈറ്റ്.

ഡ്യുറാൻഡിന്റെ പകിട്ട്

ഏഷ്യാ വൻകരയിലെ ഏറ്റവും പഴക്കം ചെന്ന കളിയാണു ഡ്യുറാൻഡ്. അതേറ്റു വാങ്ങുമ്പോൾ ഉള്ളിലുണ്ടാകുന്ന ഫീൽ ഒന്നുവേറെ. അഭിമാനത്തോടെ അത് ഉയർത്തിയവരിൽ ഞാനും ഉൾപ്പെടുന്നു. എഫ്സി കൊച്ചിൻ ജഴ്സിയണിഞ്ഞു നേടിയ വിജയം കരിയറിലെതന്നെ ‘ബെസ്റ്റ്’ ആണെനിക്ക്. ഇന്നത്തെ ഡാർബിയുടെ വാശിയേറുന്നതിനു പിന്നിലും ഡ്യുറാൻഡ് കപ്പിന്റെ തിളക്കമുണ്ട്. രണ്ടു ടീമും ഇതേവരെ 16 തവണ വീതം ഈ കിരീടം നേടി ‘ടൈ’യിൽ നിൽക്കുവാ. ബദ്ധശത്രുവിന്റെ നെഞ്ചകം പിളർന്നു പതിനേഴാം കിരീടം ചൂടി ഈ ടൂർണമെന്റിലെ എക്കാലത്തെയും രാജാക്കന്മാരാകുന്നതിന്റെ ചരിത്രനിമിഷം – അതിനായിക്കൂടിയാണ് ഇന്നത്തെ യുദ്ധം.

ആർക്കാകും വിജയം?

ഒരു ടീമിന്റെയും പക്ഷം ചേരാൻ ഞാനില്ല. ബഗാൻ ഞാൻ ഏറെക്കാലം കളിച്ച ക്ലബ്ബാണ്. ഈസ്റ്റ് ബംഗാളിൽ രണ്ടു സീസൺ മാത്രമേയുണ്ടായിരുന്നുള്ളൂ. അവരുടെ പരിപാടികളിലേക്ക് ഇന്നും എനിക്കു ക്ഷണം വരും. മാത്രമല്ല, എന്റെ മകൻ ആരോമലും ഈസ്റ്റ് ബംഗാൾ കോച്ചിങ് സംഘത്തിന്റെ ഭാഗമാണ്. കൊൽക്കത്തയിൽ ചെന്നൊരു ടീമിന്റെയും കൂടെച്ചേരാതെ, വീട്ടിൽ തന്നെയിരുന്നു നല്ലൊരു കളി കാണാനാണു ഞാൻ കാത്തിരിക്കുന്നത്.

കോച്ചിങ് ഇംപാക്ട്  

കാർലെസ് ക്വദ്രാതും യുവാൻ ഫെറാൻഡോയും ഇന്ത്യൻ ഫുട്ബോളിന്റെ പൾസ് നന്നായി മനസ്സിലാക്കിയ പരിശീലകരാണ്. ഫെറാൻഡോയുടെ തന്ത്രങ്ങൾ കഴിഞ്ഞ ഐഎസ്എലിൽ കണ്ടറിഞ്ഞ ഒന്ന്. കഴിഞ്ഞ സീസണിലെ മികവിന്റെ ആവർത്തനം തന്നെയാണു ഫെറാൻഡോ ഇക്കുറിയും ബഗാനു വേണ്ടി ഒരുക്കുന്നത്. ഐഎസ്എലിൽ ബെംഗളൂരുവിന് ആദ്യ കിരീടം സമ്മാനിച്ച കോച്ചാണ് കാർലെസ്. ഈസ്റ്റ് ബംഗാളിനൊപ്പവും ആ മാജിക് പുറത്തെടുക്കുന്നുണ്ട് കക്ഷി. സമീപകാലത്തെ ഏറ്റവും സ്ട്രോങ് ടീമായവർ മാറുകയാണ്. 19 വർഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാൾ ഡ്യുറാൻഡിന്റെ ഫൈനലിലെത്തുന്നത് എന്നതുതന്നെ അതിനു തെളിവാണ്.

English Summary : Mohun Bagan vs East Bengal in Durand Cup final today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com