ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ പോരാട്ടങ്ങളിൽ ആർസനലിനും ലിവർപൂളിനും ജയം. ഞായറാഴ്ച രാത്രി നടന്ന ആദ്യ മത്സരത്തിൽ ആസ്റ്റൻ വില്ലയെ 3–0ന് ലിവർപൂൾ കീഴടക്കി. പിന്നാലെ, ഇൻജറി ടൈമിൽ നേടിയ 2 ഗോളുകളുടെ ബലത്തിൽ ആർസനൽ 3–1ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു.

ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ലിവർപൂളിന് ഒരിക്കൽപോലും വെല്ലുവിളി ഉയർത്താ‍ൻ ആസ്റ്റൻ വില്ലയ്ക്കു സാധിച്ചില്ല. മൂന്നാം മിനിറ്റിൽ ഡൊമിനിക് സോബോസ്‌ലൈയിലൂടെ ലിവർപൂൾ മുന്നിലെത്തി. 22–ാം മിനിറ്റിൽ വില്ല താരം മാറ്റി കാഷിന്റെ സെൽഫ് ഗോൾ ലിവർപൂളിന്റെ ലീഡുയർത്തി. 55–ാം മിനിറ്റിൽ മുഹമ്മദ് സലായാണ് മൂന്നാം ഗോൾ നേടിയത്.

ആർസനലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ, 27–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡിലൂടെ യുണൈറ്റഡാണ് ലീഡ് നേടിയത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ മാർട്ടിൻ ഒഡേഗാർഡിലൂടെ ആർസനൽ തിരച്ചടിച്ചു. പിന്നീടങ്ങോട്ട് ലീഡ് നേടാനായി ഇരുവരും ആക്രമിച്ചു കളിച്ചെങ്കിലും നിശ്ചിത സമയത്ത് മറ്റൊരു ഗോളും വീണില്ല. മത്സരം സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച സമയത്താണ് ഇൻജറി ടൈമിൽ ഡെക്ലാൻ റൈസ് (90+6), ഗബ്രിയേൽ ജിസ്യൂസ് (90+11) എന്നിവരിലൂടെ ഗണ്ണേഴ്സ് യുണൈറ്റഡിനെ ഞെട്ടിച്ചത്. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 3–2ന് വോൾവർഹാംപ്ടനെ തോൽപിച്ചു.

English Summary: Liverpool and Arsenal win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com