ADVERTISEMENT

കൊച്ചി ∙ ‘ആയിരം കിലോമീറ്റർ സഞ്ചരിക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ആ ദൂരം താണ്ടുന്നതിനപ്പുറമുള്ള ഇന്ധനം വണ്ടിയിൽ നിറച്ചെങ്കിലേ യാത്ര സുഗമമാകൂ, ദൈർഘ്യമേറെയുള്ള ഫുട്ബോൾ ലീഗും അതുപോലൊരു സഞ്ചാരമാണ്.യാത്ര സുഗമമാകാൻ നിറയ്ക്കേണ്ട ഇന്ധനമാണ് കഠിനമായ പ്രീ സീസൺ’ - മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ ഈ ഫിലോസഫിയോടു ചേർന്നാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കങ്ങൾ. 

എണ്ണപ്പാടങ്ങളുടെ നാടായ അറേബ്യൻ മണ്ണിൽ കരുത്തുറ്റ എതിരാളികൾക്കെതിരെ കൊമ്പുകോർത്തു ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലിനുള്ള ഇന്ധനം സംഭരിക്കുമ്പോൾ മുൻ സീസണുകളെക്കാൾ ആത്മവിശ്വാസത്തിലാണ് വുക്കോമനോവിച്ച്. മുഴുവൻ സ്ക്വാഡ് ലഭ്യമല്ലെങ്കിലും ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിനു കൂടുതൽ മെച്ചപ്പെടുന്നതിനുള്ള അവസരമാണ് യുഎഇയിലെ സന്നാഹമത്സരങ്ങളെന്നാണ് ഇവാന്റെ കണക്കുകൂട്ടൽ. അൽ വാസൽ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം രാത്രി 8.30നാണ് കിക്കോഫ്. മത്സരത്തിനു മുന്നോടിയായി വുക്കോമനോവിച്ച് ‘മനോരമ’ യോട് സംസാരിക്കുന്നു.

യുഎഇയിലെ മുന്നൊരുക്കം

യുഎഇയിൽ സന്നാഹമത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ് ടീം ഇപ്പോൾ. സ്ക്വാഡിലെ മുഴുവൻ അംഗങ്ങളും ഒപ്പമില്ല. എന്നാലും നല്ലൊരു മത്സരപരിചയം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവിടെ കളിക്കുന്ന 3 സൗഹൃദ മത്സരങ്ങളെയും ബ്ലാസ്റ്റേഴ്സ് നോക്കിക്കാണുന്നത്.

താരങ്ങളുടെ അസാന്നിധ്യം

നമ്മുടെ ദേശീയ താരങ്ങൾ (കിങ്സ് കപ്പിലും എഎഫ്സി ഏഷ്യൻ കപ്പിലും കളിക്കുന്ന 4 കളിക്കാർ) ഇപ്പോൾ ടീമിനൊപ്പമില്ല. പരുക്കിൽ നിന്നു മോചിതരാകാത്ത ചില കളിക്കാരും യുഎഇയിൽ എത്തിയിട്ടില്ല. പുതിയ കളിക്കാരിൽ ചിലരാകട്ടെ അടുത്ത ദിവസങ്ങളിൽ മാത്രമാണ് ടീമിനൊപ്പം ചേർന്നത്.

ഐഎസ്എൽ കിക്കോഫ്

സെപ്റ്റംബർ 21 നു സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നുവെന്നത് ആവേശമുണർത്തുന്ന ഒന്നാണ്. പക്ഷേ, എന്നെ സംബന്ധിച്ച്, വിചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നുകൂടിയുണ്ട്. ആദ്യ നാലു മത്സരങ്ങളിൽ ഞാനുണ്ടാകില്ല എന്നതാണത് (മത്സരവിലക്ക് നേരിടുന്നതിനാൽ).

അവസാനവട്ട തയാറെടുപ്പ്

മുഴുവൻ താരങ്ങളെയും ഉൾപ്പെടുത്തി ഫുൾ സ്ക്വാഡ് എന്ന നിലയ്ക്കുള്ള പരിശീലനം നടത്തണം. സ്ക്വാഡിലെ എല്ലാവരെയും ഒരുമിച്ച് ആദ്യമായി അണിനിരത്തി എപ്പോൾ പരിശീലനം തുടങ്ങാനാകുമെന്ന കാത്തിരിപ്പിലാണു ഞങ്ങൾ.

‘ആദ്യ എതിരാളികൾ ആരെന്നതു പ്രശ്നമല്ല’

ഐഎസ്എൽ സീസണിലെ ആദ്യമത്സരത്തിൽ ആരാണ് എതിരാളികൾ എന്നതൊരു പ്രശ്നമേയല്ലെന്നു ഇവാൻ വുക്കോമനോവിച്ച്. ‘സീസണിലെ ആദ്യത്തെ മത്സരത്തിൽ നമ്മൾ ആരോടു കളിക്കുന്നു എന്നതൊരു പ്രശ്നമേയല്ലെന്നാണ് എനിക്കു തോന്നുന്നത്. എപ്പോൾ ആയാലും ലീഗിൽ എല്ലാ ടീമിനെതിരെയും മത്സരിക്കേണ്ടി വരുമല്ലോ’ – കേരള ടീമിനൊപ്പം തുടർച്ചയായ മൂന്നാം സീസണിനൊരുങ്ങുന്ന സെർബിയൻ കോച്ചിന്റെ വാക്കുകൾ. കൊച്ചിയിൽ ബെംഗളൂരു എഫ്സി– ബ്ലാസ്റ്റേഴ്സ് മത്സരത്തോടെയാണ് ഇത്തവണ ഐഎസ്എലിന്റെ കിക്കോഫ്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരെ നടന്ന പ്ലേഓഫ് മത്സരത്തിലാണു റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. മത്സരം ഉപേക്ഷിക്കാനെടുത്ത തീരുമാനത്തിന്റെ പേരിൽ എഐഎഫ്എഫ് വുക്കോമനോവിച്ചിന് 10 മത്സരങ്ങളിൽ നിന്നു വിലക്കും പിഴയും ഏർപ്പെടുത്തിയിരുന്നു.

English Summary: UAE tour is fuel for the team: Blasters coach Ivan Vukomanovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com