അതിവേഗം, ഗോളിയാകാനാകില്ല മറ്റെല്ലാം ചെയ്യും സമുറായ്; ബ്ലാസ്റ്റേഴ്സിന്റെ ‘ടോട്ടൽ ഫുട്ബോളർ’
Mail This Article
കൊച്ചി ∙ ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ ടീം ഏത് എന്നു ചോദിച്ചാൽ ജാപ്പനീസ് ഫോർവേഡ് ഡെയ്സുകി സകായ് കുസൃതിച്ചിരിയോടെ പറയും; കേരള ബ്ലാസ്റ്റേഴ്സ് ! പ്രീ സീസൺ പരിശീലന മത്സരങ്ങൾക്കായി യുഎഇയിലുള്ള ടീമിനൊപ്പം അദ്ദേഹം ചേർന്നതു കഴിഞ്ഞ ദിവസം മാത്രം.
ജപ്പാനിലും തായ്‌ലൻഡിലും ബൽജിയത്തിലും വിവിധ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായാണു സകായ് ഇന്ത്യയിൽ അരങ്ങേറുന്നത്. 2017–18 സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച അരാത്ത ഇസൂമിയാണ് സകായ്ക്കു മുൻപ് മലയാളികൾക്കു പരിചയമുള്ള ജാപ്പനീസ് മുഖം. എന്നാൽ, ഇസൂമിയുടെ അമ്മ ഇന്ത്യക്കാരി ആയതിനാൽ അദ്ദേഹത്തെ സമ്പൂർണ ജപ്പാൻ താരമെന്നു വിശേഷിപ്പിക്കാനുമാവില്ല.
വിവിധ ക്ലബ്ബുകൾക്കായി 149 മത്സരങ്ങൾ. സമ്പാദ്യം 24 ഗോൾ, 10 അസിസ്റ്റ്. സകായ്‌യുടെ ഗോളടി മികവിനെക്കാൾ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിനെ ആഹ്ലാദിപ്പിക്കുന്നതു മറ്റൊന്നാകും. ഗോൾകീപ്പർ ഒഴികെ ഒട്ടെല്ലാ പൊസിഷനുകളിലും കളിക്കാൻ കഴിയുന്ന താരമാണു സകായ്. അതിവേഗവും കളി ആസൂത്രണം ചെയ്യാനുള്ള മികവും അധിക യോഗ്യത. കളത്തിൽ എവിടെയും ഉപയോഗിക്കാവുന്ന താരമായി സകായ് മാറുമെന്നാണു ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ. സകായ് ‘മനോരമ’യോടു സംസാരിക്കുന്നു.
ഇഷ്ട താരം സ്പാനിഷ് മിഡ്ഫീൽഡർ ഇനിയേസ്റ്റ. ഇഷ്ടപ്പെട്ട പൊസിഷനോ?
ഞാൻ വിവിധ പൊസിഷനുകളിൽ കളിച്ചിട്ടുണ്ട്. എങ്കിലും, ഏറ്റവും ഇഷ്ടം അറ്റാക്കിങ് മിഡ്ഫീൽഡർ, സെൻട്രൽ മിഡ്ഫീൽഡർ, വിങ്ങർ പൊസിഷനുകൾ. ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത് അറ്റാക്കിങ് മിഡ്ഫീൽഡറായാണ്. റൈറ്റ് വിങ്ങറായി കുറെയേറെ മത്സരങ്ങളിൽ കളിച്ചു. അതു പോലെ തന്നെ ലെഫ്റ്റ് വിങ്ങറായും സെൻട്രൽ മിഡ്ഫീൽഡറായുമൊക്കെ. സെന്റർ ഫോർവേഡായും ഡിഫൻസീവ് മിഡ്ഫീൽഡറായുമൊക്കെ കളിച്ചിട്ടുണ്ട്.
ഇന്ത്യയിൽ, ഐഎസ്എലിൽ അരങ്ങേറ്റം?
അതെ, ഇന്ത്യയിൽ ആദ്യമാണ്. ഇന്ത്യൻ സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങാനും ടീം അംഗങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കാനും കഴിഞ്ഞാൽ കളിയിലും മികച്ച ഫലമുണ്ടാകുമെന്നാണു വിശ്വാസം. അതിനാണു ശ്രമിക്കുന്നതും. ഇന്ത്യൻ രീതികളുമായും സംസ്കാരവുമായും പെട്ടെന്ന് ഇണങ്ങണം.
ബ്ലാസ്റ്റേഴ്സിനെക്കുറിച്ച്..
അങ്ങേയറ്റം ആവേശത്തോടെയാണ് ഞാൻ ടീമിനൊപ്പം ചേരുന്നത്. ടീമിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യും. മറ്റൊന്ന്, ബ്ലാസ്റ്റേഴ്സ് ആരാധകരെക്കുറിച്ചാണ്. അദ്ഭുതമാണ് അവർ. ടീമിനെ വളരെയേറെ സ്നേഹിക്കുന്നവർ. അവരുടെ സ്നേഹവും അംഗീകാരവും എത്രയും പെട്ടെന്നു നേടിയെടുക്കാനാണ് എന്റെ ശ്രമം.
English Summary : Daisuki Sakai the new Japanese star of Kerala Blasters Speaks