സൗഹൃദ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയബെൽ; ഫ്രാൻസിനെ വീഴ്ത്തി ജർമനി
Mail This Article
ഗ്ലാസ്ഗോ ∙ റയൽ മഡ്രിഡിനു വേണ്ടിയുള്ള മിന്നുന്ന ഫോം ജൂഡ് ബെലിങ്ങാം ദേശീയ ജഴ്സിയിലും തുടർന്നതോടെ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇംഗ്ലണ്ടിന് 3–1 ജയം. 35–ാം മിനിറ്റിൽ ടീമിന്റെ രണ്ടാം ഗോൾ നേടിയതും 81–ാം മിനിറ്റിൽ ഹാരി കെയ്ന്റെ ഗോളിനു വഴിയൊരുക്കിയതും ഇരുപതുകാരൻ ബെലിങ്ങാമാണ്. 32–ാം മിനിറ്റിൽ ഫിൽ ഫോഡനാണ് ആദ്യഗോൾ നേടിയത്. 67–ാം മിനിറ്റിൽ ഇംഗ്ലിഷ് ഡിഫൻഡർ ഹാരി മഗ്വയർ സെൽഫ് ഗോൾ വഴങ്ങി.
ഇടക്കാല കോച്ച് റൂഡി വോളറുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ജർമനി 2–1ന് ഫ്രാൻസിനെ തോൽപിച്ച് ആരാധകരെ അമ്പരപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ജപ്പാനെതിരെ 4–1നു തോറ്റതോടെ കോച്ച് ഹാൻസി ഫ്ലിക്കിന് സ്ഥാനം നഷ്ടമായിരുന്നു. ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇദുന പാർക്കിൽ തോമസ് മുള്ളർ (4–ാം മിനിറ്റ്), ലിറോയ് സാനെ (87) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഫ്രാൻസിന്റെ ഗോൾ 89–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ അന്റോയ്ൻ ഗ്രീസ്മാൻ നേടി.
English Summary : England vs Scotland football match updates