നക്ഷത്രത്തിനു കാവൽ; ഗ്രൗണ്ടിലും മെസ്സിക്ക് സുരക്ഷ, യാസീന്റെ പ്രതിഫലം രണ്ടര ലക്ഷം ഡോളർ

Mail This Article
ലയണൽ മെസ്സിക്കും ആരാധകർക്കും ഇതു പുതിയ അനുഭവമാണ്; യുഎസ് ഫുട്ബോൾ ക്ലബ് ഇന്റർ മയാമിയിൽ എത്തിയതു മുതൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്കൊപ്പം നിഴൽ പോലെ ഒരാളുണ്ട്; മുൻ യുഎസ് സൈനികൻ യാസീൻ ചൂക്കോവ്. ഇന്റർ മയാമിയിൽ ചേർന്നതു മുതൽ യുഎസിൽ മെസ്സിയുടെ സ്വകാര്യ അംഗരക്ഷകനാണ് യാസീൻ.
ഇന്റർ മയാമി ക്ലബ്ബിന്റെ സഹ ഉടമസ്ഥൻകൂടിയായ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമാണ് മെസ്സിക്കു സുരക്ഷയൊരുക്കാൻ യാസീനെ കണ്ടെത്തിയത്. യുഎസിൽ മെസ്സി എത്തുന്ന ഇടങ്ങളിലെല്ലാം ആരാധകരുടെ തിരക്കാണ്. ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പിൽ ഇന്റർ മയാമി ജേതാക്കളായതോടെ ഇതു വർധിച്ചു. ഇതോടെയാണ് മെസ്സിക്കു പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.
മെസ്സിയുടെ വിവിധ ചിത്രങ്ങളിൽ യാസീൻ ചൂക്കോവിന്റെ സാന്നിധ്യം സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. മെസ്സി മൈതാനം നിറഞ്ഞു കളിക്കുമ്പോൾ ഒപ്പം ജാഗ്രതയോടെ സൈഡ് ലൈനിന് അരികിലൂടെ നീങ്ങുന്ന യാസീന്റെ വിഡിയോകളും തരംഗമായി.

സൈനികനായ ബോക്സർ
യുഎസ് സൈനികനായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും യാസിൻ ചൂക്കോവ് പ്രവർത്തിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. മുപ്പത്തിനാലുകാരനായ യാസീന് ഫുട്ബോളുമായി ബന്ധമില്ല. പക്ഷേ ആയോധന കലകളിൽ മിടുക്കനാണ്. മിക്സ്ഡ് മാർഷ്യൽ ആർട്സ് (എംഎംഎ) താരമായിരുന്നു ഇദ്ദേഹം. തയ്ക്വാൻഡോ, ബോക്സിങ് എന്നിവയിലും വിദഗ്ധനാണ്. മെസ്സിയുടെ അംഗരക്ഷകനെന്ന നിലയിൽ ഏകദേശം രണ്ടരലക്ഷം ഡോളറാണു യാസീന്റെ പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: Inter Miami appoints body guard for Lionel Messi