ADVERTISEMENT

കൊച്ചി ∙ ഒന്നു പിഴച്ചാൽ മൂന്ന്. ഐഎസ്എലിന്റെ പത്താം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ആരാധകർ ഹൃദയം പകുത്തുനൽകുന്നത് ഈയൊരു ചൊല്ലിൽ വിശ്വാസമർപ്പിച്ചാകും. ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ കോച്ച് ഇവാൻ വുക്കോമനോവിച്ചിനും ടീമിനായി എന്തും ചെയ്യുന്ന പ്ലേമേക്കർ അഡ്രിയൻ ലൂണയ്ക്കും ഇതു മൂന്നാം വരവാണ്. ആദ്യ ദൗത്യത്തിൽ ഒരു പെനൽറ്റി ഷൂട്ടൗട്ടിന്റെ നിർഭാഗ്യക്കുറിയിൽ വീണുടഞ്ഞ കിരീടം മൂന്നാമൂഴത്തിൽ െനഞ്ചോടു ചേർക്കാൻ പോന്ന സംഘബലമുണ്ട് ഈ വരവിൽ  ഇവാന്റെ ബ്ലാസ്റ്റേഴ്സിന്.

ഒരു ഫൈനൽ, ഒരു പ്ലേഓഫ്. ഐഎസ്എലിൽ സെർബിയൻ പരിശീലകന്റെ ഇതേവരെയുള്ള കണക്കുകൾ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. ലീഗിൽ നാളെ ബെംഗളൂരു എഫ്സിക്കെതിരെ തുടങ്ങുന്ന പുതിയ അധ്യായത്തിലും അതേ ആത്മവിശ്വാസത്തിൽതന്നെ കേരള ടീമിനു പടയ്ക്ക് ഇറങ്ങാം. യുവത്വത്തിന്റെ ഊർജം പ്രസരിക്കുന്ന വിദേശതാരങ്ങളും പരിചയസമ്പത്തും മികവും ഒത്തുചേർന്ന ഇന്ത്യൻ താരങ്ങളെയും നാളത്തെ തീപ്പൊരി താരങ്ങളാകാൻ പോന്ന യുവതുർക്കികളും സമാസമം ചേർത്ത രസക്കൂട്ടാണ് ഇവാൻ ഇക്കുറി പ്രയോഗിക്കാനൊരുങ്ങുന്നത്. ടീമിന്റെ ‘പ്രായം’ കുറച്ചതിനൊപ്പം മുൻ സീസണുകളിലെ അനുഭവത്തിൽ നിന്നൊരു തിരുത്തലും വരുത്തിയാണ് മഞ്ഞപ്പടയുടെ ഒരുക്കം. ഒരു താരത്തിന്റെ നിറംമങ്ങലിലോ പരുക്കിലോ ഇടറി വീഴുന്നതല്ല ഇനി ബ്ലാസ്റ്റേഴ്സിന്റെ അശ്വമേധമെന്നു ബഞ്ച് ബലത്തിലൂടെയും വൈവിധ്യത്തിലൂടെയും അരക്കിട്ടുറപ്പിക്കാൻ  ടീം മാനേജ്മെന്റിന് ആയിട്ടുണ്ട്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ചിത്രം∙ ഇ.വി. ശ്രീകുമാർ
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ചിത്രം∙ ഇ.വി. ശ്രീകുമാർ

∙ പിഴയ്ക്കാത്ത പ്രതിരോധം

പോയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിയ ഇടം പ്രതിരോധമായിരുന്നു. സന്ദീപ് സിങ്ങിന്റെയും മാർക്കോ ലെസ്കോവിച്ചിന്റെയും പരുക്കിന്റെ പിടിയിൽ ടീമിന്റെ ‘മാസ്റ്റർ പ്ലാൻ’ തെറ്റി. സ്ക്വാഡിൽ പകരംവയ്ക്കാൻ ആളില്ലാത്തതു പ്ലാൻ ബിയും സിയും പോലുള്ള മറുമരുന്നു പ്രയോഗിക്കുന്നതിലും തടസ്സമായി. ഈ വരവിൽ പ്രതിരോധത്തിൽ തൊട്ടുതന്നെ ടീമൊരുക്കം തുടങ്ങി പരിഹാരം തേടുകയായിരുന്നു വുക്കോമനോവിച്ച്. ബഗാന്റെ നായകൻ പ്രീതം കോട്ടാൽ, പരിചയസമ്പന്നൻ പ്രബീർ ദാസ്, ഗോവൻ ലെഫ്റ്റ് ബാക്ക് ഐബൻഭ,  മുംബൈയിൽ നിന്നു ലോണിലെടുത്ത നവോചം സിങ് എന്നിവരിലൂടെ അടിത്തറ ഭദ്രമാക്കിയ ബ്ലാസ്റ്റേഴ്സ് മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചിലൂടെ ലെസ്കോയ്ക്കൊത്ത പകരക്കാരനെയും കണ്ടെത്തി. ഹോർമിപാമും സന്ദീപും കൂടി ചേരുന്ന നിരയിൽ ഏതു പൊസിഷനിലേക്കും ‘പകരം വയ്ക്കാൻ’ ആളൊരുക്കിയാണു ദൈർഘ്യമേറിയ ലീഗ് മുന്നിൽ കണ്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ വരവ്. ഗോളിനു കീഴിലും ആൾബലം വ്യക്തം. യുവ ഗോളിമാരായ സച്ചിൻ സുരേഷും ലാറ ശർമയും വെറ്ററൻ കീപ്പർ കരൺജിത് സിങ്ങും ചേരുന്നതാണു ബ്ലാസ്റ്റേഴ്സിന്റെ കാവൽമുഖം.

∙ മധ്യനിരയിലെ പോരാട്ടം

അഡ്രിയൻ ലൂണ എന്ന യുറഗ്വായ് ഒറ്റയാന്റെ കൊമ്പിലായിരുന്നു കഴിഞ്ഞ 2 സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ മധ്യം എതിരാളികളെ തൂക്കിയത്. രണ്ടു വട്ടവും ലൂണയ്ക്കൊപ്പം കളിച്ച മലയാളി താരം സഹൽ ബഗാനിലേക്കു പോയതു ടീമിനെ തെല്ലും ബാധിക്കില്ലെന്നു വിളിച്ചുപറയുന്നുണ്ട് യുവതാരങ്ങളുടെ അതിപ്രസരമുള്ള മിഡ്ഫീൽഡ്. ഇവാന്റെതന്നെ ചോയ്സുകളായി കടന്നുവന്ന ഡാനിഷ് ഫാറൂഖും ഫ്രെഡിയും മുഹമ്മദ് ഐമനും വിബിൻ മോഹനനും ഇലവനിൽ ഇടംതേടി മത്സരിക്കുന്നിടത്തു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന് ആളിക്കത്താനുള്ള ഇന്ധനം കൂടി നിറയും. അറ്റാക്കിങ് മിഡ്ഫീൽഡിലടക്കം മൾട്ടിറോളിൽ വിന്യസിക്കാവുന്ന, സെറ്റ് പീസുകൾ തൊടുത്തുവിടുന്ന, ജാപ്പനീസ് താരം ദെയ്‌സുക് സകായിയുടെ വരവ് ക്യാപ്റ്റൻ ലൂണയുടെ ജോലിഭാരം കൂടി കുറയ്ക്കുന്ന ഒന്നാണ്. ജീക്സൺ സിങ്ങും ബ്രൈസ് മിറാൻഡയും സൗരവ് മൊണ്ഡലും മുഹമ്മദ് അസ്ഹറും കൂടി ചേരുന്ന മധ്യം ബാക്കപ്പ് സാധ്യതകൾ കൊണ്ടും ഇക്കുറി വിശാലമാണ്.

∙ മുനയേറ്റി മുന്നേറ്റം

പ്രതിരോധം പഴുതടച്ചതാക്കുന്നതിൽ കാണിച്ച ജാഗ്രത ഗോൾ തേടുന്ന കാര്യത്തിലുമുണ്ടായതോടെ ബ്ലാസ്റ്റേഴ്സ് ‘ബാലൻസ്ഡ്’ എന്നു പറയാവുന്ന സംഘമായി മാറിയിട്ടുണ്ട്. ഗോളടിക്കാൻ കെൽപ്പുണ്ടെന്നു തെളിയിച്ചു കഴിഞ്ഞ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിനു തന്നെ മുന്നേറ്റത്തിലെ മുഖ്യചുമതല. കൂട്ടിനു ഘാനയിൽ നിന്നെത്തുന്ന യുവതാരം ക്വാമി പെപ്ര. പെപ്ര മങ്ങിയാൽ ഒരു കൈ നോക്കാൻ തയാറായി ഏഷ്യൻ ക്വാട്ട താരം ദെയ്സുകി സകായ്. യുഎഇ പ്രീ സീസണിൽ ഇരുവരും അതിവേഗം ടീമുമായി ഒത്തിണക്കം കാട്ടിയതും സ്കോറിങ് തുടങ്ങിവച്ചതും കിക്കോഫിനു മുന്നേയുള്ള ശുഭസൂചനകളാണ്. സ്വദേശി മുന്നേറ്റനിരയും മോശക്കാരല്ല. മലയാളി താരങ്ങളായ കെ.പി.രാഹുലും നിഹാൽ സുധീഷും ബിദ്യാസാഗർ സിങ്ങും തുടരുന്ന അറ്റാക്കിങ് ബ്ലാസ്റ്റിൽ ഷാർപ്പ് ഷൂട്ടിങ് റോളേറ്റെടുക്കാൻ ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിതയുമുണ്ട്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ചിത്രം∙ ഇ.വി. ശ്രീകുമാർ
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ചിത്രം∙ ഇ.വി. ശ്രീകുമാർ

English Summary: Kerala Blasters set to play against Bengaluru FC in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com