ADVERTISEMENT

കൊച്ചി ∙ ഓർമകൾ ഉണ്ടായിരിക്കണം! പക്ഷേ, ഇന്നലെ കലൂർ നെഹ്റു സ്റ്റേഡിയത്തിലെ മീഡിയ സെന്ററിൽ കണ്ടപ്പോൾ ബെംഗളൂരു എഫ്സി കോച്ച് സൈമൺ ഗ്രേസണും കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ഡോവനും പറഞ്ഞത് ഒരേ ഉത്തരം: ‘‘കഴിഞ്ഞ സീസണിൽ സംഭവിച്ചതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അത് ഒരു വിധത്തിലും ബാധിക്കില്ല. പാസ്റ്റ് ഈസ് പാസ്റ്റ്! ഇതു പുതിയ സീസൺ, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ’’– കഴിഞ്ഞ സീസണിലെ ബെംഗളൂരു എഫ്സി – ബ്ലാസ്റ്റേഴ്സ് ‘വിവാദ’ പ്ലേഓഫിനെക്കുറിച്ചായിരുന്നു ഇരുവരുടെയും വാക്കുകൾ. ഒരേ ചോദ്യം, ഒരേ മറുപടി!

‘കളി’ തുടരും

വിവാദ പ്ലേഓഫിനു മുൻപും ശേഷവും കളത്തിൽ ബദ്ധവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഐഎസ്എൽ 10–ാം സീസൺ ഉദ്ഘാടനപ്പോരിൽ ഇന്നു രാത്രി 8നു കലൂർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ പക്ഷേ പഴയതെല്ലാം അവസാനിച്ചിട്ടില്ല! അന്നത്തെ മത്സരത്തിനിടെ, ബ്ലാസ്റ്റേഴ്സ് ടീമിനെ കളത്തിൽ നിന്നു പിൻവലിച്ച കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ 10 മത്സര വിലക്കു പൂർത്തിയായിട്ടില്ല. 4 മത്സരങ്ങളിൽ കൂടി വിലക്കു നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഇന്നു ടീമിനൊപ്പം ഇറങ്ങാനാകില്ല. അന്നത്തെ ‘വിവാദ’ ഗോളടിച്ച ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ടീമിനൊപ്പം ചൈനയിലാണ്. സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ് എന്നിവയിൽ ഇന്നത്തെ മത്സരം തൽസമയം കാണാം. 

രണ്ടു ‘പുതിയ’ ടീമുകൾ

പോരിനിറങ്ങുന്നതു ‘പുതിയ’ ടീമുകളാണ്. ആകെ ഉടച്ചു വാർത്ത് എത്തിയതിനാൽ എങ്ങനെ കളിക്കുമെന്നു കണ്ടു തന്നെ അറിയണം. ഡ്യുറാൻഡ് കപ്പിൽ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും  ഫുൾ സ്ക്വാഡിനെ ഇറക്കിയിരുന്നില്ല. കഴിഞ്ഞ സീസണിൽ പാളിയ പ്രതിരോധം ഉറപ്പിച്ചാണു ബ്ലാസ്റ്റേഴ്സിന്റെ വരവ്. മോഹൻ ബഗാനിൽ നിന്നു വന്ന ഡിഫൻഡർ പ്രീതം കോട്ടാലിന്റെ വാക്കുകൾ: ‘‘ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൂടുതൽ ഉറച്ചെന്നു കരുതുന്നു. മികച്ച താരങ്ങളുണ്ട്, കൂടുതൽ കെട്ടുറപ്പും.’’ പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്, മധ്യനിരയിൽ ജാപ്പനീസ് താരം ഡെയ്സുകി സകായ്, മുൻനിരയിൽ ക്വാമെ പെപ്ര തുടങ്ങിയ താരങ്ങൾ ടീമിനു കൂടുതൽ ‘ഓപ്ഷൻ’ നൽകുന്നു.

ദിമി കളിക്കുമോ?

സൂപ്പർ സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് പരുക്കിൽ നിന്നു മുക്തനായെങ്കിലും കളിക്കാൻ സാധ്യത കുറവ്. ‘‘പരുക്കുള്ളതിനാൽ ഇഷാൻ പണ്ഡിതയും സൗരവ് മണ്ഡലും കളിക്കില്ല. മറ്റു ചിലർക്കു കൂടി നേരിയ പരുക്കുണ്ടെങ്കിലും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്’’ – ഡോവന്റെ വാക്കുകൾ. കെ.പി.രാഹുലും വിങ്ങർ ബ്രെയ്സ് മിറാൻഡയും ഇന്ത്യൻ ടീമിനൊപ്പമാണ്. ഗോൾവലയ്ക്കു മുന്നിൽ സച്ചിൻ സുരേഷും പ്രതിരോധത്തിൽ പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്, ഐബൻ ദോലിങ് എന്നിവരും മധ്യത്തിൽ ജീക്സൺ സിങ്, ഡാനിഷ് ഫാറൂഖ്, ക്യാപ്റ്റൻ അഡ്രിയൻ ലൂണ, ഡെയ്സൂകി സകായ് എന്നിവരും മുന്നേറ്റത്തിൽ ക്വാമെ പെപ്ര, ബിദ്യാസാഗർ സിങ് എന്നിവരും ഇടം പിടിച്ചേക്കാം.

മത്സരം കാണാൻ ബെൻ ബ്ലാക്കും തൈയോ കിമുറയും

കൊച്ചി ∙ ഫുട്ബോൾ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള കണ്ടന്റ് ക്രിയേറ്റർമാരായ ബെൻ ബ്ലാക്കും തൈയോ കിമുറയും ഐഎസ്എലിന്റെ ആദ്യമത്സരം കാണാനെത്തും. ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങൾ സഞ്ചരിച്ചു ടീമുകളെയും കാണികളെയും സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചു ശ്രദ്ധ നേടിയവരാണ് ഇരുവരും. ഓസ്ട്രേലിയക്കാരനായ ബ്ലാക്ക് ഖത്തർ ലോകകപ്പിലെ എല്ലാ മത്സരവും കണ്ടു വാർത്തകളിൽ ഇടം നേടിയിരുന്നു. ജപ്പാനിൽ നിന്നാണു കിമുറയുടെ വരവ്.

English Summary : ISL tenth Season Start today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com