മെസ്സി ഒടുവിൽ ഒരു ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ കേരള ബ്ലാസ്റ്റേഴ്സും

Mail This Article
ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു ‘10–ാം നമ്പർ കുപ്പായ’ത്തിൽ കളത്തിലെത്തുകയാണ്. പത്ത് എന്ന അക്കത്തിനു ഫുട്ബോൾ കളത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. കളം കീഴടക്കി കീഴടക്കി ഇതിഹാസങ്ങളായി വളർന്നവരുടെ കുപ്പായത്തിനു പിന്നിൽ കോറിയിട്ട നമ്പറും 10 തന്നെ.
പത്തു വയസ്സ് എന്നതു ഫുട്ബോൾ ലീഗിനെ സംബന്ധിച്ചു വലിയൊരു കാലയളവൊന്നുമല്ല. പക്ഷേ ഇന്ത്യൻ ഫുട്ബോളിനു കഴിഞ്ഞ 10 ഐഎസ്എൽ സീസണുകൾ സമ്മാനിച്ച മാറ്റങ്ങൾ കാണാതിരിക്കാനാവില്ല. ഒന്നാമത്തെ സീസണിൽ ഐഎസ്എലിൽ കണ്ട കളിയും ഇന്നു കിക്കോഫിനു പിന്നാലെ കാണാൻ പോകുന്ന കളിയും തമ്മിൽ ഒന്നു താരതമ്യപ്പെടുത്തിയാൽ അറിയാം വ്യത്യാസം. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് ഈ ലീഗ്.
ഇന്ത്യൻ താരങ്ങളുടെ ഇപ്പോഴത്തെ മികച്ച പ്രകടനങ്ങൾക്കു കാരണം ഐഎസ്എൽ തന്നെയാണ്. കളിക്കാരുടെയെല്ലാം ആത്മവിശ്വാസമേറി. പാസ് സ്വീകരിക്കുന്ന, കൊടുക്കുന്ന രീതിയിലുമൊക്കെ മാറ്റം വന്നു. ആദ്യമൊക്കെ കിട്ടുന്ന പന്ത് ഒറ്റയടി അടിക്കുന്നതായിരുന്നല്ലോ പല ഇന്ത്യൻ താരങ്ങളുടെയും രീതി. അതിലൊക്കെ വലിയ മാറ്റം വന്നു. നിലവാരം ഏറെ മുന്നോട്ടുപോയി.

ഇത്തവണ കൂടുതൽ മികച്ച മത്സരങ്ങൾ കാണാനാകുമെന്നാണു പ്രതീക്ഷ. അതോടൊപ്പം ബ്ലാസ്റ്റേഴ്സ് ഒരു കിരീടം ഉയർത്തുന്നതു കാണണമെന്നും ആഗ്രഹമുണ്ട്. ലക്ഷക്കണക്കിന് ആരാധകർ എത്ര നാളായി കാത്തിരിക്കുന്ന കാഴ്ചയാണത്. ആ പ്രാർഥനകൾക്കൊക്കെ ഒരു ഫലം ലഭിക്കണ്ടേ? ലോകം മുഴുവൻ ആഗ്രഹിച്ച പോലെ ലയണൽ മെസ്സി ഒടുവിൽ ഒരു ലോകകപ്പ് കിരീടം ഉയർത്തിയില്ലേ. അതുപോലെയാകട്ടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കാര്യവും. ഓൾ ദ് ബെസ്റ്റ് ഐഎസ്എൽ. ഓൾ ദ് ബെസ്റ്റ് ബ്ലാസ്റ്റേഴ്സ്...
English Summary : Let it be Blasters like Messi!